ന്യൂഡൽഹി : കേന്ദ്ര സായുധ പോലീസ് സേനകളിൽ മുൻ അഗ്നിവീറുകൾക്കായി 10 ശതമാനം സംവരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. നാലുവർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അഗ്നിവീറുകൾക്ക് ഇതുവഴി തുടർന്നും സായുധസേനയിൽ സേവനം നടത്താൻ കഴിയുന്നതാണ്. ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ് , എൻഎസ്ജി എന്നീ സേനകളിൽ എല്ലാം തന്നെ ഈ സംവരണം ബാധകം ആയിരിക്കും. ഇതോടൊപ്പം തന്നെ അഗ്നിവീറുകൾ സായുധ സേനകളിലേക്ക് എത്തുമ്പോൾ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന് ഇളവ് നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
2022 ജൂണിലാണ് കേന്ദ്രസർക്കാർ അഗ്നിപഥ് സ്കീം അവതരിപ്പിച്ചിരുന്നത്. 17 നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാലുവർഷത്തേക്ക് സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ് സ്കീം. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്ന സൈനികരാണ് അഗ്നിവീർ എന്നറിയപ്പെടുന്നത്. പിന്നീട് അഗ്നിവീറുകളുടെ പ്രായപരിധി സർക്കാർ 23 വയസ്സായി നീട്ടിയിരുന്നു.
കേന്ദ്ര അർദ്ധസൈനിക സേനകളിലെയും അസം റൈഫിൾസിലെയും 10% ഒഴിവുകൾ അഗ്നിവീറുകൾക്കായി സംവരണം ചെയ്യുമെന്ന് കഴിഞ്ഞവർഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര സായുധ പോലീസ് സേനകളിലെ മറ്റു വിഭാഗങ്ങളിലും 10 ശതമാനം സംവരണം നടപ്പിലാക്കിയിരിക്കുന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ അടക്കം ഈ സംവരണം ബാധകം ആയിരിക്കും. സേനയുടെ മനോവീര്യം വർദ്ധിപ്പിക്കുകയും അഗ്നിവീറുകൾക്ക് പുതിയ ശക്തിയും ഊർജ്ജവം നൽകുകയും ചെയ്യുന്ന തീരുമാനമാണ് കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ആർപിഎഫ് ഡയറക്ടർ ജനറൽ മനോജ് യാദവ് വ്യക്തമാക്കി. ബിഎസ്എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാളും കേന്ദ്രസർക്കാർ നടപടിയെ സ്വാഗതം ചെയ്തു.
Discussion about this post