പത്തനംതിട്ട : പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവർ ചേർന്ന് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചവരിൽ വധശ്രമ കേസ് പ്രതിയും. കാപ്പ കേസ് പ്രതി ശരൺ ചന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സുധീഷ് എസ്എഫ്ഐക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണെന്ന് കണ്ടെത്തൽ. ഇത്രയും കാലം ഒളിവിൽ ആണെന്ന് പോലീസ് വ്യക്തമാക്കിയിരുന്ന പ്രതിയെ ആണ് മന്ത്രി വീണ ജോർജ് അടക്കമുള്ളവർ ചേർന്ന് പത്തനംതിട്ടയിൽ മാലയിട്ട് സ്വീകരിച്ച് പാർട്ടിയിലേക്ക് ആനയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനും കഞ്ചാവ് കേസ് പ്രതി യദുകൃഷ്ണനും കൊലപാതകശ്രമ കേസിലെ പ്രതി സുധീഷും അടക്കം 62 പേർ സിപിഎമ്മിൽ ചേർന്നിരുന്നത്. കുമ്പളയിൽ വച്ച് മന്ത്രി വീണ ജോർജിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഇവർക്ക് പാർട്ടി അംഗത്വം നൽകിയത്. സിപിഎം അംഗത്വം എടുത്തതിന് തൊട്ടു പിന്നാലെ തന്നെയായിരുന്നു മയിലാടുംപറ സ്വദേശി യദുകൃഷ്ണനെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നത്. വലിക്കാനായി കയ്യിൽ സൂക്ഷിച്ച രണ്ടു ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നത്.
കഴിഞ്ഞ നവംബർ 21ന് പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ ഒന്നാം പ്രതിയാണ് കാപ്പ കേസിൽ ഉൾപ്പെട്ടിട്ടുള്ള ശരൺ ചന്ദ്രൻ. ഇത് കേസിലെ നാലാം പ്രതിയാണ് സുധീഷ്. ശരൺ ചന്ദ്രൻ കേസിൽ ജാമ്യം നേടിയിരുന്നെങ്കിലും സുധീഷ് ഒളിവിൽ ആണെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്.
Discussion about this post