കോഴിക്കോട് : പി എസ് സി കോഴ ആരോപണത്തിൽ ഒടുവിൽ നടപടിയെടുത്ത് സിപിഎം. ആരോപണം നേരിട്ട സിപിഎം നേതാവ് പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പ്രമോദിനെ പുറത്താക്കാനായി തീരുമാനമെടുത്തത്.
പി എസ് സി കോഴ ആരോപണത്തെ തുടർന്ന് ജനങ്ങൾക്കിടയിൽ സിപിഎമ്മിന് കടുത്ത അവമതിപ്പ് ഉണ്ടായതായി നേരത്തെ വിലയിരുത്തൽ ഉണ്ടായിരുന്നു. പ്രമോദ് കോട്ടൂളിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരുന്നു. പ്രമോദ് പാർട്ടിക്ക് ചേരാത്ത പ്രവർത്തനം നടത്തിയതായി കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നിരുന്നു.
മന്ത്രി മുഹമ്മദ് റിയാസ് വഴി പി എസ് സി അംഗത്വം ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്നിരുന്ന ആരോപണം.
പി എസ് സി ആരോപണം മാദ്ധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ളവർ ആദ്യഘട്ടത്തിൽ പ്രതികരിച്ചിരുന്നത്. എന്നാൽ സംഭവം വലിയ വിവാദമായതോടെ ഇപ്പോൾ സിപിഎം നടപടി സ്വീകരിച്ചിരിക്കുകയാണ്.
Discussion about this post