ന്യൂഡൽഹി:കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ രാജ്യത്ത് എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ ലഭ്യമായെന്നും, ഇത് തൊഴിലില്ലായ്മയെക്കുറിച്ച് വ്യാജ വിവരണങ്ങൾ പ്രചരിപ്പിക്കുന്നവരെ നിശബ്ദരാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ 29,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിടുകയും തറക്കല്ലിടുകയും ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎയുടെ മൂന്നാം ടേമിനെ ചെറുതും വലുതുമായ നിക്ഷേപകർ ആവേശത്തോടെ സ്വാഗതം ചെയ്‌തതായും പ്രധാനമന്ത്രി പറഞ്ഞു.ദേശീയ ജനാധിപത്യ സഖ്യ സർക്കാരിന് മാത്രമേ സ്ഥിരത നൽകാൻ കഴിയൂ എന്ന് ജനങ്ങൾക്ക് അറിയാം, അദ്ദേഹം പറഞ്ഞു. “ആർബിഐ അടുത്തിടെ തൊഴിൽ സംബന്ധിച്ച വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടെ എട്ട് കോടിയോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഈ കണക്ക്, തൊഴിലവസരങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കിയിരിക്കുന്നു.വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ നിക്ഷേപത്തിൻ്റെയും അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും ശത്രുക്കളും രാജ്യത്തിൻ്റെ വളർച്ചയുടെ ശത്രുക്കളുമാണ്. അവരുടെ ഓരോ നയവും യുവാക്കളെ വഞ്ചിക്കുന്നതും തൊഴിൽ സ്തംഭിപ്പിക്കുന്നതുമാണ്. ആളുകൾ അവരുടെ നുണകൾ നിരസിക്കുന്നതിനാൽ അവർ ഇപ്പോൾ തുറന്നുകാട്ടപ്പെടുന്നു, പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post