ശ്രീനഗർ:ജമ്മു-കശ്മീരിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
ഉത്തരവനുസരിച്ച് പോലീസ്, ക്രമസമാധാനം, അഖിലേന്ത്യാ സർവീസ് എന്നിവയിൽ തീരുമാനമെടുക്കാൻ ലെഫ്. ഗവർണറുടെ അധികാരം വർധിപ്പിച്ചു. കേസുകളിൽ വിചാരണയ്ക്ക് അനുമതിനൽകൽ, അഡ്വക്കറ്റ് ജനറലിന്റെയും മറ്റു നിയമ ഉദ്യോഗസ്ഥരുടെയും നിയമനം, ആന്റി കറപ്ഷൻ ബ്യൂറോ എന്നിവയിലും ലെഫ്. ഗവർണർക്ക് തീരുമാനമെടുക്കാം.
ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് മോദിസർക്കാർ കൊണ്ടുവന്ന കശ്മീർ പുനഃസംഘടനാനിയമം 2019-ലാണ് ഭേദഗതിവരുത്തിയത്.ഭേദഗതികൾ പ്രകാരം പോലീസിന്റെ ചുമതലവരുന്നതോടെ ക്രമസമാധാനവും സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും ലെഫ്. ഗവർണറിലൂടെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാകും.
മുൻ കേന്ദ്രമന്ത്രിയായിരുന്ന മനോജ് സിൻഹയാണ് നിലവിൽ ജമ്മു-കശ്മീർ ലെഫ്. ഗവർണർ. 2020 ഓഗസ്റ്റിലാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്.
Discussion about this post