ഭുവനേശ്വർ :46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം ഇന്ന് തുറക്കും. ഭണ്ഡാരത്തിലെ ആഭരണങ്ങളും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് ഭണ്ഡാരം തുറക്കുന്നത്.
എസ്‌ജെടിഎ ചീഫ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഭണ്ഡാരം തുറക്കുക. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അംഗങ്ങളും ക്ഷേത്ര ഭാരവാഹികളും സംഘത്തിലുണ്ടാകും. ആഭരണങ്ങളുടെ കണക്കെടുപ്പിന് സുതാര്യത നിലനിർത്താനാണ് ആർബിഐയുടെ സഹായം തേടിയത്.
ക്ഷേത്രത്തിലെ ദേവതകളെ അലങ്കരിക്കുന്ന വജ്രം, സ്വർണ്ണം, വെള്ളി എന്നിവയുടെ യഥാർത്ഥ മൂല്യം നാല് പതിറ്റാണ്ടിലേറെയായി രഹസ്യമായി തുടരുകയാണ്.1978-ലാണ് അവസാനത്തെ വസ്തുവിവരപ്പട്ടിക തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
1955ലെ ജഗന്നാഥ ക്ഷേത്ര നിയമമനുസരിച്ച്, മൂന്ന് വർഷം കൂടുംതോറും ക്ഷേത്രത്തിലെ ആസ്തിവിവരപ്പട്ടിക തയ്യാറാക്കണം. എന്നാൽ ഇത് നടപ്പാകാതെ കിടന്നു. ട്രഷറിയിലെ ശേഖരങ്ങൾ സമീപകാലത്ത് രണ്ടുതവണ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. ഏറ്റവും അവസാനം 1978-ലും, അതിനുമുമ്പ് 1926-ലും. 1978-ൽ ഏകദേശം 128 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 221 കിലോഗ്രാം വെള്ളി പാത്രങ്ങളും ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഈ ആഭരണങ്ങളുടെ മൂല്യനിർണയം നടത്തിയില്ല.
2018-ൽ, പരിശോധനയ്ക്കായി രത്ന ഭണ്ഡാർ വീണ്ടും തുറക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, താക്കോൽ ലഭ്യമല്ലാത്തതിനാൽ അകത്തെ അറയിലേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.
ക്ഷേത്ര സമുച്ചയത്തിൽ ജഗമോഹനത്തിന്റെ വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണു രത്‌നഭണ്ഡാരം. 11.78 മീറ്റർ ഉയരമുള്ള ഭണ്ഡാരത്തിന് 8.79 മീറ്റർ നീളവും 6.74 മീറ്റർ വീതിയുമാണുള്ളത്. ബഹാര ഭണ്ഡാർ, ഭിതാര ഭണ്ഡാർ എന്നിങ്ങനെ രണ്ട് അറകളുണ്ട്. ബ്രിട്ടിഷ് ഭരണകാലത്താണ് രത്നഭണ്ഡാരത്തിലെ വസ്തുക്കളുടെ ഔദ്യോഗിക കണക്കു തയാറാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥീതി ചെയ്യുന്ന ക്ഷേത്രമാണ് പൂരി ക്ഷേത്രം . ഭാരതത്തിലെ പ്രധാനമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുരി ജഗന്നാഥക്ഷേത്രം.
Discussion about this post