വാഷിംഗ്ടൺ : വെടിവെയ്പ്പിൽ പരിക്കേറ്റ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. നിലവിൽ ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ചികിത്സയ്ക്ക് ശേഷം ട്രംപ് ന്യൂജേഴ്‌സിയിലെ വീട്ടിലേക്ക് മടങ്ങി. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്‌ളിക്കൻ നാഷ്ണൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുന്നതിൽ മാറ്റമില്ലെന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്ൻ ടീം അറിയിച്ചു.
ട്രംപിന് വെടിവെച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സ് എന്നയാളാണെന്നും യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെൻസിൽവേനിയിയലെ ബെതൽ പാർക്കിൽ നിന്നുള്ളയാളാണ് തോമസ് മാത്യൂ ക്രൂക്‌സ്. വെടിവെപ്പിന് പിന്നാലെ ഇയാൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എഫ്ബിഐ വ്യക്തമാക്കി.
ശനിയാഴ്ച പെൻസിൽവാനിയയിലെ ബട്ലറിൽ പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വധശ്രമം ഉണ്ടായത്. അക്രമി ഒന്നിലധികം റൗണ്ട് വെടിയുതിർത്തതിനാൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ അപ്പോൾ തന്നെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു.
ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മനസും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്ക്കും ഒപ്പമുണ്ട് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post