തിരുവനന്തപുരം: ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഇത്തവണ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടക്കം ഉൾപ്പെട്ടു കൊണ്ടാണ് തിരച്ചിൽ. രാവിലെ ആറരയോടെ തെരച്ചിൽ തുടങ്ങും എന്നാണ് ലഭ്യമായ വിവരം . സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. ഇന്നലെ എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് ആഴക്കടലിൽ പെട്ട് പോയ വസ്തുക്കളെ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് സോണാർ. മനുഷ്യരുടെ തിരച്ചിൽ ഫലം കാണാത്തത് കൊണ്ടാണ് സോണാർ ഉപയോഗിക്കാൻ അധികൃതർ തീരുമാനിച്ചത്.
റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ ഇന്നലെ സ്കൂബ സംഘം പരിശോധന നടത്തിയെങ്കിലും അവരുടെ പ്രയത്നങ്ങൾ ഫലപ്രാപ്തിയിൽ എത്തിയില്ല . അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും പരാജയപെട്ടു പോയി . തുടർന്ന് വൈകുന്നേരം ആറ് മണിയോടെ സ്കൂബ സംഘം തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.
അതേസമയം, നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. നേവി ടീമിന്റെ പരിശോധന ഇന്ന് ആരംഭിക്കും
Discussion about this post