ന്യൂഡൽഹി :കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് യാതൊരു അടിസ്ഥാനമില്ലാതെ നുണകൾ പ്രചരിപ്പിക്കുകയാണെന്ന വിമർശനവുമായി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. വസ്തുതകളും ഡാറ്റയും ഉപയോഗിച്ച് ഈ തെറ്റിനെ നേരിടാൻ പാർട്ടി പ്രവർത്തകരോട് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ചണ്ഡീഗഡ് ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.
കഴിഞ്ഞ 10 പൊതു തിരഞ്ഞെടുപ്പുകളിൽ 250 സീറ്റുകൾ തികയ്ക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു. അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന് ഉദാഹരണമാണ് എന്നും അവർ കൂട്ടിച്ചേർത്തു. 13 രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന ഇൻഡി സഖ്യത്തിന് 232 സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജെപി ഒറ്റയ്ക്ക് നിന്ന് 240 സീറ്റുകളാണ് നേടിയത്.
ഇക്കുറി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 14 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ ചില പ്രസ്താവനകൾ വളച്ചൊടിച്ച് തെറ്റായ വിവരണം സൃഷ്ടിക്കാൻ കോൺഗ്രസ് ‘നുണകൾ പ്രചരിപ്പിക്കുകയാണ്’ എന്നും ധനമന്ത്രി ആരോപിച്ചു. രാമക്ഷേത്രം, അഗ്‌നിപഥ് സ്‌കീം എന്നീ വിഷയങ്ങളിലെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. രാമക്ഷേത്രത്തിനായി ഏറ്റെടുത്ത ഭൂമിക്ക് 1733 കോടി രൂപ നൽകിയതാണ്. യോഗി സർക്കാർ മുഴുവൻ നഷ്ടപരിഹാരത്തുകയും കൈമാറിയിട്ടുണ്ട് എന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
‘കോൺഗ്രസിന്റെ തന്ത്രം നമ്മൾ ഗൗരവമായി മനസ്സിലാക്കണം. തെറ്റായ പ്രസ്താവനകൾ നടത്തിയും നുണകൾ പ്രചരിപ്പിച്ചും തെറ്റായ വിവരണം സൃഷ്ടിച്ചും ബിജെപിയെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സോഷ്യൽ മീഡിയയിൽ പോലും പ്രതിപക്ഷ പാർട്ടി പ്രചരിപ്പിക്കുന്ന എല്ലാ തെറ്റായ പ്രസ്താവനകൾക്ക് വസ്തുതകളിലൂടെ ഇതിനെ പ്രതിരോധിക്കണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post