ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോജശാല കോംപ്ലക്‌സ് തർക്ക കേസിൽ നിർണായകമായി പുരാവസ്തു വകുപ്പിന്റെ സർവ്വേ റിപ്പോർട്ട്. നിലവിലെ മന്ദിരം ക്ഷേത്രമായിരുന്നുവെന്നതിന്റെ തെളിവുകളാണ് റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നത്. ഈ റിപ്പോർട്ട് പുരാവസ്തുവകുപ്പ് മദ്ധ്യപ്രദേശ് ഹൈക്കോടതി മുൻപാകെ സമർപ്പിച്ചു.
മന്ദിരത്തിൽ നടത്തിയ പരിശോധനയിൽ വെള്ളി, ചെമ്പ്, അലുമിനിയം, സ്റ്റീൽ എന്നിവ കൊണ്ട് നിർമ്മിച്ച നാണയങ്ങൾ കണ്ടെത്തിയിരുന്നു. ഈ നാണയങ്ങൾ 10 മുതൽ 20 ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളിൽ ഉള്ളവയാണ്. ഇതിന് പുറമേ 94 വിഗ്രഹങ്ങൾ കണ്ടെടുത്തു. ബ്രഹ്‌മാവ്, ഗണപതി, നരസിംഹം ഭൈരവൻ എന്നീ വിഗ്രഹങ്ങൾ ആയിരുന്നു ഇത്. ഇതിന് പുറമേ നിരവധി ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്നും പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആന, കുതിര, കുരങ്ങൻ, പാമ്പ്, ആമ, അരയന്നം, സിംഹം എന്നീ മൃഗങ്ങളുടെ പ്രതിമകൾ, മനുഷ്യരുടെ പ്രതിമകൾ എന്നിവയും ഭോജശാലയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവയ്ക്ക് പുറമേ കൊത്തുപണികൾ ചെയ്ത ശിലാഫലകങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും സംസ്‌കൃതത്തിൽ ശ്ലോകങ്ങൾ കൊത്തിവച്ച ശിലാഫലകങ്ങൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഭോജശാല കോംപ്ലക്‌സ് ക്ഷേത്രം ആയിരുന്നുവെന്നതിന്റെ സൂചനയാണ് നൽകുന്നത്.
എഡി 1094 മുതൽ 1133 വരെ പ്രദേശം ഭരിച്ച നരവർമ്മൻ രാജാവിനെക്കുറിച്ചുള്ള വിവരങ്ങൾ ആലേഖനം ചെയ്ത ഫലകം പരിശോധനയ്ക്കിടെ ലഭിച്ചിട്ടുണ്ട്. ഭോജശാല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു എന്നതിന്റെ തെളിവുകളും സ്ഥലത്ത് നിന്നും ലഭിച്ചിട്ടുണ്ടെന്നും പുരാവസ്തു വകുപ്പ് റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. കോടതി ഈ മാസം 22 ന് ഹർജി പരിഗണിക്കും.
ഫെബ്രുവരി- മാർച്ച് മാസം ആയിരുന്നു ഭോജശാലയിൽ പുരാവസ്തുവകുപ്പ് പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ആയിരുന്നു ഇത്. നിലവിൽ ഹിന്ദുക്കളും ഇസ്ലാംമത വിശ്വാസികളും ഒരു പോലെ ആരാധന നടത്തുന്ന ഭോജശാല മസ്ജിദ് ആണെന്നാണ് മുസ്ലീങ്ങൾ പറയുന്നത്. എന്നാൽ സരസ്വതി ക്ഷേത്രം തകർത്താണ് ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഹിന്ദുക്കൾ വ്യക്തമാക്കുന്നത്. ഹിന്ദുക്കളുടെ വാദം സത്യമാണെന്ന് തെളിയുന്ന വസ്തുതകൾ ആണ് പുരാവസ്തുവകുപ്പിന്റെ റിപ്പോർട്ടിൽ ഉള്ളത്.
Discussion about this post