ഹോങ്കോങ്: നാല്പത് മണിക്കൂര്‍ തുടര്‍ച്ചയായി യോഗ ചെയ്ത് ഇന്ത്യക്കാരനായ യോഗാധ്യാപകന് ഗിന്നസ് റെക്കോഡിട്ടു. 29കാരന് യോഗരാജ് സി.പി.യാണ് യോഗ മാരത്തോണ്‍ നടത്തിയത്. 1500ലധികം ആസനങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നിര്‍വ്വഹിച്ചു.
ഹോങ്കോങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യോഗരാജിന്റെ യോഗ മാരത്തണ്‍ വെള്ളിയാഴ്ച തുടങ്ങി. മൂന്ന് ദിവസം നീണ്ട യോഗ കാണാന്‍ നിരവധി പേര് സിം ഷാ സ്യൂയി സ്റ്റുഡിയോ പ്രാണയോഗത്തില് എത്തിയിരുന്നു. യോഗരാജിന്റെ നേട്ടത്തില്‍ ഹോങ്കോങ്ങിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും വിദേശകാര്യവകുപ്പ് വക്താവ് സയ്യിദ് അക്ബറുദ്ദീനും അഭിനന്ദനം അറിയിച്ചു.
അഞ്ചാംവയസ്സില്‍ യോഗാഭ്യസനം തുടങ്ങിയ യോഗരാജ് 12ാംവയസ്സ് മുതല്‍ യോഗ പഠിപ്പിക്കുന്നുണ്ട്. 2011ല്‍ ഓടിക്കൊണ്ടിരിക്കുന്ന മോട്ടോര്‍ബൈക്കില്‍ നിന്നുകൊണ്ട് 23 യോഗനിലകള് ചെയ്ത യോഗാരാജ് ജനശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കാന്‍ കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ റെക്കോഡ് നേട്ടം സമര്‍പ്പിക്കുന്നുവെന്ന് യോഗരാജ് പറഞ്ഞു.
Discussion about this post