ഇന്ന് കർക്കിടകം ഒന്ന്, ഭക്തിയുടെയും ആത്മീയ തീവ്രതയുടെയും ധർമ്മത്തിന്റെയും ഉൽകൃഷ്ട പാഠങ്ങൾ മനസിലുരുവിട്ടു കൊണ്ട് ഒരു രാമായണ മാസം കൂടെ വരവായി. ശ്രീരാമനെന്ന ഉല്‍കൃഷ്ട ഭരണാധികാരിയുടേയും, പുത്ര ധര്‍മ്മമെന്ന, പാവന ധര്‍മ്മം അതിന്റെ പൂര്‍ണ്ണമായ അളവില്‍ ലോകത്തിനു കാട്ടിതന്ന സത്പുത്രന്റെ ജീവിത കഥയാണ് രാമായണം
ഇത്തവണത്തെ കർക്കിടകം ജൂലൈ 16 ചൊവ്വാഴ്ച ആരംഭിക്കുകയും ഓഗസ്റ്റ് 16 വെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യും . ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ, പൂർണ്ണമായും പ്രാർത്ഥനകൾക്കും രാമായണ പാരായണത്തിനും നാലമ്പല ദർശനങ്ങൾക്കുമായാണ് വിശ്വാസികൾ ഈ മാസത്തെ മാറ്റി വച്ചിരിക്കുന്നത് .
ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് കർക്കടകം. അടുത്ത ഒരു വർഷത്തേക്ക് മനസും ശരീരവും ഊർജ്ജസ്വലമായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുള്ള സമയം കൂടിയാണിത്. മനസിന്റെ സമാധാനത്തിനും സ്വയം നവീകരണത്തിനും രാമായണ പാരായണത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. അവതാര പുരുഷനായ സാക്ഷാൽ ശ്രീരാമന് പോലും വിധിയെ തടുക്കാനാവില്ലെന്നും വെല്ലുവിളി നിറഞ്ഞ ജീവിത സന്ദർഭങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതുമായ വലിയ പാഠമാണ് രാമായണം നൽകുന്നത്
രാമായണ മാസത്തിൽ മുഴുവൻ പ്രഭാതത്തിലും പ്രദോഷത്തിലും നിലവിളക്ക് കൊളുത്തുന്നത് നിർബന്ധമാണ്. ശ്രീരാമ പട്ടാഭിഷേകത്തിന്റെ ചിത്രത്തിന് മുൻപിലാണ് വിളക്ക് തെളിയിക്കുക. പീഠത്തിനു മുകളിലായി രാമായണവും സമീപത്ത് ദശപുഷ്പവും അഷ്ടമംഗല്യവും വെയ്ക്കുന്നത് ഐശ്വര്യ ദായകമാണ്. ഒരു മാസത്തെ തികഞ്ഞ ആത്മീയ ജീവിതചര്യ അടുത്ത ഒരു വർഷത്തേക്ക് ഗൃഹത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വാസിക്കുന്നു.
രാമായണ പാരായണം ഇങ്ങനെ
മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ് ശ്രീരാമൻ. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതവും മാനുഷിക വികാരങ്ങളുമാണ് രാമന്റെ ജീവിതം ആവിഷ്കരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും വലിയ ഉറവിടമാണ് രാമായണം.
കർക്കടകം ഒന്നിന് രാവിലെ കുളിച്ചു ശുദ്ധമായി വേണം രാമായണ പാരായണം ആരംഭിക്കാൻ. നിലവിളക്ക് തെളിയിച്ചു രാമായണം വന്ദിച്ചു കൊണ്ടാണ് വായിച്ചു തുടങ്ങുക. കർക്കടകം മാസം അവസാനിക്കുന്നതിനു മുൻപ് തന്നെ മുഴുവൻ അദ്ധ്യായങ്ങളും വായിച്ചു പൂർത്തിയാക്കുകയും വേണം.
Discussion about this post