കൊച്ചി: സത്യം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചെയ്യുന്നതെങ്കിൽ ഒളിക്യാമറ ഓപ്പറേഷൻ ഒരു തെറ്റായി കാണാനാകില്ലെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി.അതിനാൽ തന്നെ ജനത്തെ അറിയിക്കാനുള്ള ഒളിക്യാമറ റെക്കാഡിംഗിന്റെ (സ്റ്റിംഗ് ഓപ്പറേഷൻ) പേരിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്ന് ഹൈക്കോടതി. സോളാർ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജയിലിൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനെ തുടർന്ന് സ്വകാര്യ ചാനലിനെതിരെ പൊലീസ് 2013ലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.
യഥാർത്ഥ വസ്തുതകൾ ജനങ്ങൾക്ക് നൽകുന്ന മാദ്ധ്യമങ്ങളാണ് ജനാധിപത്യ പ്രക്രിയിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം അനുവദിക്കാത്ത ചില രീതികൾ ചിലപ്പോഴൊക്കെ മാദ്ധ്യമങ്ങൾ സ്വീകരിക്കാറുണ്ട്. ഒളിക്യാമറ അതിലൊന്നാണ്. ഇതിന്റെ നിയമപരമായ സാദ്ധ്യത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്. വ്യക്തിഹത്യ പോലുള്ള തെറ്റായ ലക്ഷ്യത്തോടെയാണ് സ്റ്റിംഗ് ഓപ്പറേഷനെങ്കിൽ നിയമപിന്തുണയുണ്ടാകില്ല. കേസിന്റെ വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും നീതിപീഠം വ്യക്തമാക്കി.
Discussion about this post