മുംബൈ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയെന്നോണം അടുത്തിടെയാണ് ടെലികോം കമ്പനികളായ എയർടെല്ലും ജിയോയും തങ്ങളുടെ റീചാർജ് പ്ലാൻ വർദ്ധിച്ചത്. ബിഎസ്എൻഎല്ലിൽ ആശ്വാസം കണ്ടെത്താൻ ആഗ്രഹമുണ്ടെങ്കിലും 5ജിയിലും 4ജിയിലും പറപറക്കുന്ന ഇന്റർനെറ്റ് എന്നത് ഇപ്പോഴും കിട്ടാക്കനിയാണ്. എന്നാലിതാ ബിഎസ്എൻഎല്ലിന്റെ ആ പേരുദോഷവും മാറാൻ പോവുകയാണ്. ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ്.
ഭാരത് സഞ്ചാര് നിഗം ലിമിറ്റഡുമായുള്ള 15,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസസ് രാജ്യത്തെ നാല് മേഖലകളിൽ വലിയ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതായാണ് സിഒഒ എൻ ഗണപതി സുബ്രഹ്മണ്യം പറയുന്നത്. 4ജി ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാൻ ഈ ഡാറ്റ സെന്ററുകൾ സഹായിക്കും. ബിഎസ്എൻഎല്ലിന്റെ 4ജി സേവനങ്ങൾ നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ. 9,000 ടവറുകൾ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട് ഇത് ഒരു ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം.
നിലവിൽ ജിയോയും എയർടെല്ലുമാണ് 4ജി ഇന്റർനെറ്റ് സേവന വിപണിയിലെ കേന്ദ്രശക്തികൾ. എന്നാൽ, ടാറ്റയും ബി.എസ്.എൻ.എല്ലും തമ്മിലെ കരാർ ഇവർക്ക് വൻ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
Discussion about this post