ശ്രീനഗർ: നാല് സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടൽ ഉണ്ടായ ദോഡയിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡയിലെ ഭട്ടാ മേഖലയിൽ ആണ് ഇന്ന് പുലർച്ചെയോടെ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർക്കായുള്ള പരിശോധന തുടരുകയാണ്.
വനമേഖലയാണ് ഇവിടം. ഇതിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ ആയിരുന്നു ആക്രമണം നടത്തിയത്. ഭീകരരുടെ സാന്നിദ്ധ്യം അറിഞ്ഞ് പരിശോധനയ്ക്കായി പ്രദേശത്ത് എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. സൈനികരുടെ പ്രത്യാക്രമണത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ ഇവർ കടന്നുകളയുകയായിരുന്നു. ഇതിനിടെ വില്ലേജ് ഡിഫൻസ് ഗ്രൂപ്പിലെ അംഗങ്ങൾക്ക് നേരെയും ഭീകരർ വെടിയുതിർത്തുവെന്നാണ് റിപ്പോർട്ടുകൾ.
വീരമൃത്യുവരിച്ച സൈനികരെ ആക്രമിച്ച സംഘമാണ് ഇതെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. അതിനാൽ ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. വനമേഖലയിൽ മുഴുവൻ സൂക്ഷ്മമായി പരിശോധന നടത്താനാണ് സുരക്ഷാ സേനയുടെ തീരുമാനം. ഭീകരർ ജനവാസ മേഖലയിൽ ഒളിച്ചിരിക്കാനുള്ള സാദ്ധ്യതയും സുരക്ഷാ സേന തള്ളിക്കളയുന്നില്ല. അതിനാൽ അതിർത്തി മേഖലകളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദോഡയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരാണ് വീരമൃത്യുവരിച്ചത്.
Discussion about this post