ബാങ്കോക്ക് : തായ്‌ലൻഡിലെ പ്രശസ്തമായ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ആറു വിദേശ ടൂറിസ്റ്റുകളെ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ബാങ്കോക്കിലെ ആഡംബര ഹോട്ടലായ ഗ്രാൻഡ് ഹയാത്ത് എറവാനിൽ ആണ് സംഭവം നടന്നത്. മരിച്ച നിലയിൽ കണ്ടെത്തിയ ആറ് പേരുടെയും കാപ്പിയിൽ സയനൈഡിൻ്റെ അംശം കണ്ടെത്തിയതായി തായ് പോലീസ് ഫോറൻസിക് വിഭാഗം മേധാവി അറിയിച്ചു.
ബാങ്കോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിൽ ചൊവ്വാഴ്ചയാണ് ആറു പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ഹോട്ടൽ രേഖകൾ പരിശോധിച്ചപ്പോൾ മുറിയിൽ മറ്റ് സന്ദർശകർ ആരും വന്നിട്ടില്ല എന്ന് വ്യക്തമായി. തിങ്കളാഴ്ച ഉച്ചയ്ക്ക് മുറിയിൽ ഭക്ഷണം എത്തിച്ചപ്പോഴാണ് ഇവരെ ഹോട്ടൽ ജീവനക്കാർ അവസാനമായി ജീവനോടെ കണ്ടത്.
മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണ് മരിച്ചിട്ടുള്ളത്. ഇവരിൽ നാല് പേർ വിയറ്റ്നാം പൗരന്മാരും രണ്ടുപേർ വിയറ്റ്നാമിൽ കഴിയുന്ന അമേരിക്കൻ പൗരന്മാരും ആണ്. കൂട്ട ആത്മഹത്യ ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് വിയറ്റ്നാം എംബസിയും യുഎസ് എംബസിയും ബാങ്കോക്കിലെ പോലീസ് അധികൃതരുമായി ബന്ധപ്പെട്ടു. സംഭവത്തെക്കുറിച്ച് എഫ്ബിഐയും അന്വേഷണം നടത്തുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്.
Discussion about this post