മസ്കറ്റ് : ഒമാൻ തീരത്ത് ചരക്ക് കപ്പൽ മറിഞ്ഞു കാണാതായിരുന്ന നാവികരിൽ 9 പേരെ രക്ഷിച്ചു. 16 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. എംടി ഫാൽക്കൺ പ്രസ്റ്റീജ് എന്ന കപ്പൽ ആയിരുന്നു ഒമാൻതീരത്ത് മുങ്ങിയിരുന്നത്. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തേജ് നടത്തിയ തിരച്ചിലിലാണ് 9 പേരെ രക്ഷിക്കാൻ ആയത്.
രക്ഷപ്പെടുത്തിയ ജീവനക്കാരിൽ എട്ട് ഇന്ത്യൻ പൗരന്മാരും ഒരു ശ്രീലങ്കൻ പൗരനും ആണ് ഉള്ളത്. കപ്പലിലെ ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആകെ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ആണ് കപ്പലിൽ ഉണ്ടായിരുന്നത്. ഒമാനിലെ ദുക്കത്തിനു സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്ക് 25 നോട്ടിക്കൽ മൈൽ അകലെ ആണ് കപ്പൽ മറിഞ്ഞിരുന്നത്.
യമനിലെ ഏദനിലേക്ക് യാത്ര ചെയ്തിരുന്ന എണ്ണക്കപ്പൽ ആണ് ഒമാൻ തീരത്ത് വെച്ച് മറിഞ്ഞിരുന്നത്. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേന രംഗത്തിറങ്ങുകയായിരുന്നു. നാവികസേന കപ്പലായ ഐഎൻഎസ് തേജ്, ദീർഘദൂര നിരീക്ഷണ വിമാനം p81 എന്നിവയാണ് തിരച്ചിലിനായി വിന്യസിച്ചിട്ടുള്ളത്.
Discussion about this post