തിരുവനന്തപുരം: പാലോട് പടക്ക കടയിൽ ഉണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പടക്കക്കടയുടെ ഉടമയായ ഷിബു ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു മരണം.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം ഉണ്ടായത്. പടക്ക വിൽപ്പനശാലയ്ക്കുള്ളിൽ വലിയ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ കെട്ടിടത്തിനകത്ത് മുഴുവനും തീ പടർന്നു. സംഭവ സമയം ഷിബു മാത്രമാണ് പടക്ക കടയ്ക്കുള്ളിൽ ഉണ്ടായത്. അപകടത്തിൽ ഷിബുവിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
എങ്ങിനെയാണ് അപകടം ഉണ്ടായത് എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷിബുവിന്റെ ഭാര്യ മഞ്ജു വിന്റെ പേരിലാണ് കടയുടെ ലൈസൻസ് ഉള്ളത്. ഇരുവരും താമസിക്കുന്ന വീടിന് സമീപം ആണ് പടക്കകടയുള്ളത്.
അതേസമയം പരിശോധനയിൽ അളവിൽ കൂടുതൽ പടക്കം ഷെഡിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലും പോലീസ് അന്വേഷണം നടത്തും.
Discussion about this post