വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ച് വിശേഷങ്ങൾ പങ്കുവച്ച് കൊച്ചുമകൾ കൈ ട്രംപ്. ബുധനാഴ്ച്ച നടന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലാണ് 17 വയസുകാരിയായ കൈ തന്റെ മുത്തച്ഛനെ കുറിച്ച് വാചാലയായിക്കൊണ്ട് വേദി കീഴടക്കിയത്. തന്റെ മുത്തച്ഛനായ ട്രംപിനൊപ്പമുള്ള ഓർമകൾ കൈ വേദിയിൽ പങ്കുവച്ചു.
ട്രംപിന്റെ പത്ത് കൊച്ചുമക്കളിൽ മൂത്തവളാണ് കൈ ട്രംപ്. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് തനിക്കും തന്റെ സഹോദരങ്ങൾക്കും മിഠായിയും സോഡയുമെല്ലാം നൽകി വഷളാക്കുന്ന ഒരു സാധാരണ മുത്തച്ഛൻ എന്നാണ് കൈ ട്രംപിനെ കുറിച്ച് പറഞ്ഞത്. ‘ഞങ്ങൾ സ്‌ക്കൂളിൽ എന്താണ് ചെയ്യുന്നത് എന്നറിയാൻ അദ്ദേഹം എപ്പോഴും താൽപ്പര്യപ്പെടുന്നു. ഞാൻ സ്‌കൂളിൽ ആയിരിക്കുമ്പോൾ എന്റെ ഗോൾ പരിശീലനങ്ങളെ കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം എപ്പോഴും വിളിക്കും. അദ്ദേഹത്തിന്റെ ഗോൾഫ് അനുഭവങ്ങൾ പങ്കുവയ്ക്കും. ഞാൻ സ്‌കൂളിലാണ് ഇപ്പോൾ അധികം സംസാരിക്കാൻ കഴിയില്ലെന്ന് ഇടക്കിടെ അദ്ദേഹത്തെ ഓർമിപ്പിക്കേണ്ടി വരാറുണ്ട്’- കൈ ചിരിയോടെ പറഞ്ഞു.
ഒരുമിച്ച് ഗോൾഫ് കളിക്കുന്ന സമയം തന്നെ തോൽപ്പിക്കാൻ ട്രംപ് എപ്പോഴും ശ്രമിക്കാറുണ്ടെന്ന് കൈ പറഞ്ഞു. ഞാനും ട്രംപ് തന്നെയാണെന്നാണ് അതിന് താൻ മറുപടി കൊടുക്കാറെന്നും അവൾ വേദിയിൽ കൂട്ടിച്ചർത്തു. അദ്ദേഹത്തിന്റെ ഏറ്റവും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും തന്നെ സൗഖ്യത്തെ കുറിച്ച് അന്വേഷിക്കുകയും എന്നും വിജയം നേടാനായി അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.
അദ്ദേഹത്തിന് വെടിയേറ്റത് കണ്ട് ശരിക്കും ഞെട്ടിപ്പോയിരുന്നു. അദ്ദേഹത്തെ നിരവധി പേർ ദ്രോഹിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം ഇങ്ങനെ നിൽക്കുന്നു. അദ്ദേഹം തന്റെ ഏറ്റവും വലിയ പ്രേരണയാണ്. അദ്ദേഹത്തെ താൻ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും കൈ പറഞ്ഞു.
Discussion about this post