കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിക്കാനായി പ്രാർത്ഥിച്ചത് തൃശ്ശൂർ മണ്ഡലത്തിൽ ഉള്ളവർ മാത്രമായിരുന്നില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ബിജെപി പ്രവർത്തകർ ഈ കാര്യം ആഗ്രഹിച്ചിരുന്നു. കണ്ണൂരിലെ ബിജെപി പഞ്ചായത്ത് അംഗമായ അജയകുമാർ ഇക്കാര്യത്തിൽ ഒരു പടി കൂടി മുന്നോട്ടു കടന്ന് സുരേഷ് ഗോപി ജയിക്കാനായി മുത്തപ്പന് ഒരു വെള്ളാട്ടം നേർച്ച തന്നെ വഴിപാടായി നേർന്നു.
അജയകുമാറിന്റെ പ്രാർത്ഥന മുത്തപ്പൻ കേട്ടു. സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എംപിയും പിന്നാലെ കേന്ദ്രമന്ത്രിയും ആയി. ഇപ്പോൾ ഇതാ തന്റെ വഴിപാട് നിറവേറ്റിയിരിക്കുകയാണ് അജയകുമാർ. പരിയാരം പഞ്ചായത്ത് അംഗമായ അജയകുമാർ പണ്ട് മുതലേ വലിയ സുരേഷ് ഗോപി ആരാധകനാണ്. സുരേഷ് ഗോപി ബിജെപിയിലേക്ക് എത്തിയതോടെയാണ് അജയകുമാറും ബിജെപി പ്രവർത്തകനായി മാറിയത്. ഒടുവിൽ തന്റെ ഇഷ്ടതാരത്തിന്റെ വിജയം ആഘോഷിക്കാനായി വെള്ളാട്ടം നേർച്ച നടത്തുക കൂടി ചെയ്തിരിക്കുകയാണ് കൂലിപ്പണിക്കാരനായ അജയകുമാർ.
അജയകുമാറിന്റെ നേർച്ച വെള്ളാട്ടത്തെ കുറിച്ച് അറിഞ്ഞ് കണ്ണൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിച്ചേർന്നിരുന്നു. നൂറിലേറെ പേരുടെ സാന്നിധ്യത്തിൽ ആയിരുന്നു സുരേഷ് ഗോപിക്കായുള്ള നേർച്ച വെള്ളാട്ടം നടന്നത്. വെള്ളാട്ടം കാണാനായി എത്തിയവർക്ക് പ്രസാദ സദ്യയും കൂടി നൽകിയാണ് അജയകുമാർ തന്റെ ആഘോഷം പൂർത്തിയാക്കിയത്.
Discussion about this post