ന്യൂഡൽഹി: മൈക്രോ സോഫ്റ്റ് വിൻഡോസിൽ ഉണ്ടായ സാങ്കേതിക തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത് വ്യേമയാന മേഖലയെ. കമ്പ്യൂട്ടറുകൾ താനെ ഷട്ട് ഡൗൺ ആയതോടെ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടു. ഇതേ തുടർന്ന് മണിക്കൂറുകളോളമാണ് വിമാന കമ്പനികൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നിർത്തിവച്ചത്. ബാങ്കുകളുടെ പ്രവർത്തനങ്ങളെയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും സാങ്കേതിക തകരാർ ബാധിച്ചു.
ഇന്ത്യയിലെ വിമാന കമ്പനികൾ ആയ സ്‌പൈസ് ജെറ്റ്, ആകാശ എയർ, വിസ്താര എയർ, ഇൻഡിഗോ എന്നിവയെ ആയിരുന്നു സാങ്കേതിക തകരാർ സാരമായി ബാധിച്ചത്. ബുക്കിംഗുമായി ബന്ധപ്പെട്ട നടപടികൾ തടസ്സപ്പെട്ടതോടെ ടിക്കറ്റ് ബുക്കിംഗ് സേവനം നിർത്തിവയ്ക്കുന്നതായി വിമാന കമ്പനികൾ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലെ ചെക്കിംഗ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളും തടസ്സപ്പെട്ടു. ഡൽഹി, ബംഗളൂരു, എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾക്കായിരുന്നു തടസ്സം നേരിട്ടത്. ഇത് വിമാനങ്ങൾ വൈകുന്നതിനും കാരണം ആയി.
ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും താറുമാറായി. അമേരിക്ക, ബ്രിട്ടൺ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിർത്തിവ്വത്.
കമ്പ്യൂട്ടറുകൾ പണിമുടക്കിയതോടെ വിവിധ ബാങ്കുകൾ ഓൺലൈൻ സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ബാങ്കുകളുടെ മറ്റ് പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. വൻ കിട കമ്പനികൾക്കും മൈക്രോ സോഫ്റ്റിന്റെ സാങ്കേതിക തകരാർ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്.
Discussion about this post