ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായ പ്രദേശത്താണ് അർജുനും ലോറിയും കുടുങ്ങിക്കിടക്കുന്നത്. രണ്ട് യൂണിറ്റ് എൻഡിആർഎഫ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വളരെ പതിയെ മാത്രമേ മൂടിക്കിടക്കുന്ന മണ്ണ് മാറ്റാൻ സാധിക്കൂവെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അംഗം അറിയിച്ചു.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മലയുടെ മുകളിൽ പെയ്യുന്ന മഴവെള്ളം മലയുടെ ഇടയിലൂടെ ഇറങ്ങുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. പുഴയിലെ നീരൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമാണ്. നേവി ഡ്രൈവർമാർ ഗംഗാവലി പുഴയിലിറങ്ങി പരിശോധന നടത്തിയിരുന്നു. അർജുൻ ഓടിച്ചിരുന്ന ലോറി പുഴയുടെ അടിത്തട്ടിൽ ഇല്ലെന്ന് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ച് പരിശോധിക്കാനാണ് നീക്കം. മണ്ണിനടിയിലാണ് ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായില കാണിച്ചത്. 100 അംഗ നേവി സംഘമാണ് മണ്ണ് നീക്കി രക്ഷാപ്രവർത്തനം നടത്തുന്നത്.
കർണാടകയിലെ കാർവാർ അങ്കോളയ്ക്കു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽ പെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോൾ ലോറി മണ്ണിനടിയിലാണ് കിടക്കുന്നത്. എന്നാൽ അർജുന്റെ ഫോൺ ഇടയ്ക്കിടെ റിംഗ് ചെയ്യുന്നത് പ്രതീക്ഷ നൽകുന്നു.
Discussion about this post