ഇടുക്കി : മഴക്കെടുതിയിൽ ജനങ്ങൾ തീരാദുരിതത്തിൽ കഴിയുമ്പോഴും ജില്ലാ സമ്മേളനം നടത്തുന്ന ഭരണപക്ഷ അനുകൂല സംഘടനയുടെ നടപടി വിവാദത്തിൽ. ദുരന്ത നിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് പോലും ലംഘിച്ചാണ് ഇടുക്കിയിലെ ഇടത് അനുകൂല സംഘടനയിലെ സർക്കാർ ഉദ്യോഗസ്ഥർ കൂട്ടത്തോടെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനായി പോയത്. 140 ജീവനക്കാരാണ് ഇത്തരത്തിൽ ഈ ദുരിത കാലത്തും ജോലിക്കു കയറാതെ സമ്മേളനത്തിൽ പങ്കെടുക്കാനായി പോയത്.
ഭരണപക്ഷ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ ആണ് ദുരന്തനിവാരണ നിയമ ഉത്തരവ് ലംഘിച്ച് ജില്ലാ സമ്മേളനം നടത്തുന്നത്. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആ സ്ഥാനം വിട്ടു പോകരുത് എന്നാണ് ഉത്തരവുള്ളത്. എന്നാൽ ഇടുക്കിയിലെ റവന്യൂ-കൃഷി വകുപ്പ് അടക്കമുള്ള വകുപ്പുകളിലെ 140ഓളം ഉദ്യോഗസ്ഥരാണ് ജോലിക്ക് കയറാതെ സിപിഐ അനുകൂല സംഘടനയുടെ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തത്.
മഴക്കെടുതി മൂലം ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായാൽ പ്രസ്തുത സ്ഥലത്ത് ആദ്യം എത്തേണ്ട ഉദ്യോഗസ്ഥരിൽ ഒരാളായ വില്ലേജ് ഓഫീസർ അടക്കമുള്ളവരാണ് ഇത്തരത്തിൽ ജോലിക്ക് കയറാതെ ജില്ലാ സമ്മേളനത്തിനായി പോയിരിക്കുന്നത്. നിലവിൽ ഇടുക്കി ജില്ലയിൽ കനത്ത മഴക്കെടുതിയും ദുരിതങ്ങളുമാണ് ജനങ്ങൾ നേരിടുന്നത്. വ്യാപകമായ കൃഷിനാശവും വീടുകൾ തകരുന്നതും അടക്കമുള്ള വിവിധ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഈ നിരുത്തരവാദപരമായ പെരുമാറ്റം എന്ന് വിമർശനം ഉയരുന്നു. എന്നാൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ചുമതലകൾ ഉള്ള ഉദ്യോഗസ്ഥർ ആരും സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ല എന്നാണ് ജോയിന്റ് കൗൺസിലിന്റെ വിശദീകരണം.
Discussion about this post