കൊളംബോ : വനിതാ ഏഷ്യ കപ്പിൽ ചരിത്രവിജയം കുറിച്ച് നേപ്പാൾ. ഉദ്ഘാടന മത്സരത്തിൽ യുഎഇയെ തകർത്താണ് നേപ്പാൾ വിജയം കരസ്ഥമാക്കിയത്. വനിതാ ഏഷ്യ കപ്പ് ടൂർണമെന്റിലെ നേപ്പാളിന്റെ ആദ്യ ജയമാണിത്. വെള്ളിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തോടെ വനിതാ ഏഷ്യ കപ്പ് ഒമ്പതാം പതിപ്പിന് തുടക്കമായി.
ഉദ്ഘാടന മത്സരത്തിൽ 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 23 പന്തുകളും ആറു വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം കൈവരിക്കുകയായിരുന്നു. നേപ്പാളിനായി ഓപ്പണർ സഞ്ജന ഗഡ്ക 72 റൺസ് നേടി പുറത്താകാതെ നിന്നു. ഖുഷി ശർമ ആണ് യുഎഇയുടെ ടോപ് സ്കോറർ. 39 പന്തിൽ നിന്നും 36 റൺസ് ആണ് ഖുഷി ശർമ നേടിയത്.
ആദ്യ മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ക്യാപ്റ്റൻ ഇന്ദു ബർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 19 റൺസിനുള്ളിൽ തന്നെ യുഎഇയുടെ മൂന്നു വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞത് മത്സരത്തിൽ നേപ്പാളിന് നിർണായകമായി. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് ആണ് യുഎഇ നേടിയത്. തുടർന്ന് 16.1 ഓവറിൽ നേപ്പാൾ തങ്ങളുടെ വിജയലക്ഷ്യം ഭേദിച്ചു.
Discussion about this post