വാഷിംഗ്ടൺ : എക്‌സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടതോടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് . 100.2 മില്യൻ (10.02 കോടി) ആളുകളാണ് എക്‌സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നത്. സമൂഹമാദ്ധ്യമമായ എക്‌സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്.
‘ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ!”, എന്നാണ് ഇലോൺ മസ്‌ക് എക്സിൽ കുറിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് എക്സിൽ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടത്. രാഷ്ട്രീയക്കാർ മാത്രമല്ല വിരാട് കോഹ്ലിയും നെയ്മർ ജൂനിയറും അടക്കമുള്ള കായിക താരങ്ങളെയും കടത്തിവെട്ടിയിരിക്കുകയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ നരേന്ദ്രമോദി.
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് 38.1 മില്യൺ ഫോളോവേഴ്‌സും ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദിന് 11.2 മില്യൺ ഫോളോവേഴ്‌സും ഫ്രാൻസിസ് മാർപാപ്പയ്ക്ക് 18.5 മില്യൺ ഫോളോവേഴ്‌സും ആണുള്ളത്. അന്താരാഷ്ട്ര രംഗത്തെ ഈ പ്രമുഖരെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സൽ കൂടാതെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ റെക്കോർഡ് നേട്ടമുള്ള രാഷ്ട്രീയ നേതാവാണ് നരേന്ദ്രമോദി. യൂട്യൂബിൽ അദ്ദേഹത്തിന് 25 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 91 മില്യൺ ഫോളോവേഴ്‌സും ഉണ്ട്.
Discussion about this post