പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിപിഒമാരായ മുരുകൻ, കാക്കൻ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഇരുവരെയും കാണാതെ ആകുകയായിരുന്നു.
പുതൂർ പോലീസ് സ്‌റ്റേഷനിലെ സിപിഒമാരാണ് ഇരുവരും. നാല് ദിവസങ്ങൾക്ക് മുൻപ് ഇരുവരും അവധിയ്ക്ക് ഊരിലേക്ക് വന്നതായിരുന്നു ഇവർ. എന്നാൽ അവധി കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താതിരുന്നതോടെ പോലീസ് അന്വേഷിച്ച് ഊരിൽ എത്തുകയായിരുന്നു. അപ്പോഴാണ് ഇവർ വീട്ടിലെത്തിയിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കിയത്. ഇതോടെ വനത്തിനുള്ളിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മേലെപൂതയാർ വഴിയായിരുന്നു മുരുകനും കാക്കനും കൂടി ഊരിലേക്ക് വന്നത്. ഈ സമയം ശക്തമായ മഴ പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. പുഴമുറിച്ച് കടന്ന് വേണം ഇവർക്ക് വീടുകളിലേക്ക് എത്താൻ. ഇത്തരത്തിൽ പുഴമുറിച്ച് കടക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. രണ്ട് പേരുടെയും മൃതദേഹങ്ങൾ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുമായിരുന്നു കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post