ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇതുവരെ 998 വിദ്യാർത്ഥികൾ സുരക്ഷിതരായി ഇന്ത്യയിലെത്തിയത്. ധാക്ക, ചിറ്റഗോംഗ് വിമാനത്താവളങ്ങൾ വഴി 200 ഓളം വിദ്യാർത്ഥികൾ വിമാന സർവീസുകളിലൂടെും മറ്റ് വിദ്യാർത്ഥികൾ റോഡ് മാർഗങ്ങളിലൂടെയുമാണ് നാട്ടിലേക്ക് എത്തിയത് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ, ഇമിഗ്രേഷൻ, ലാൻഡ് പോർട്ടുകൾ, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) എന്നിവയുമായി വിദേശകാര്യ മന്ത്രാലയം (എംഇഎ) ചർച്ചകൾ നടത്തുന്നുണ്ട്. ബംഗ്ലാദേശിലുടനീളമുള്ള വിവിധ സർവകലാശാലകളിലായി ഇപ്പോഴും 4,000-ത്തിലധികം വിദ്യാർത്ഥികളുമായി ഹൈക്കമ്മീഷൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.
നിരവധി വിദ്യാർത്ഥികൾ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ അവർക്ക് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞില്ല. നിരവധി വിമാനങ്ങളും റദ്ദാക്കി. സമാധാനപരമായ അന്തരീക്ഷമുള്ള സർവകലാശാലകളിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും ഹോസ്റ്റലുകളിൽ ഉണ്ട് എന്ന് ബംഗ്ലാദേശിൽ നിന്ന് മടങ്ങിയെത്തിയ ഒരു ഇന്ത്യൻ വിദ്യാർത്ഥി പറഞ്ഞു.
ഇതിനോടകം 115 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർക്കാർ ജോലികളിൽ ചില പ്രത്യേക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തിയതാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടി പുറപ്പെടാൻ കാരണമായത്. സംവരണ ബിൽ പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
Discussion about this post