ലക്‌നൗ: കൻവാർ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെ കടയുടെ പേരുകൾ ഉടമകൾ പ്രദർശിപ്പിക്കണമെന്ന യോഗി സർക്കാരിന്റെ നിർദ്ദേശത്തെ പിന്തുണച്ച് മുസ്ലീം സംഘടന. മുസ്ലീം രാഷ്ട്രീയ മഞ്ചാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഭക്തരുടെ വിശ്വാസങ്ങളെ ഇസ്ലാമിക വിശ്വാസികളായ വ്യാപാരികൾ മാനിക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.
എല്ലാ കടയുടമകളും കടകൾക്ക് മുൻപിൽ പേരുകൾ പ്രദർശിപ്പിക്കണമെന്ന തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഹിന്ദുക്കളുടെ വിശ്വാസങ്ങളെ എല്ലായ്‌പ്പോഴും മാനിക്കുന്നവരാണ് ഇസ്ലാമിക വിശ്വാസികൾ. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സംഘടന സ്വാഗതം ചെയ്യുന്നു. കൻവാർ തീർത്ഥാടകർക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ തങ്ങൾ മുന്നിൽ ഉണ്ടാകുമെന്നും സംഘടന വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ എതിർത്ത് രംഗത്ത് വന്ന പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും സംഘടന രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ വളച്ചൊടിച്ച് വർഗ്ഗീയ വത്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. നമ്മുടെ ഹിന്ദു സഹോദരങ്ങളുടെ വിശ്വാസങ്ങളെ എല്ലായ്‌പ്പോഴും കാത്ത് സൂക്ഷിക്കുമെന്ന് നമ്മൾ പ്രതിജ്ഞടചെയ്യണം എന്നും സംഘടന ആവശ്യപ്പെട്ടു.
ഇസ്ലാമിക ആഘോഷമായ മുഹറം കഴിഞ്ഞു പോയി. നമ്മെ സഹായിക്കാനും നമ്മുടെ ആഘോഷത്തിൽ പങ്കുചേരാനുമായി നിരവധി ഹിന്ദുക്കളാണ് എത്തിയത്. റംസാൻ നാളുകളിലും നമ്മുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു അവരുടെ സമീപനം. അതിനാൽ തിരിച്ചും അതേ മാന്യത കാണിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും സംഘടന കൂട്ടിച്ചേർത്തു.
Discussion about this post