പങ്കാളിയ്‌ക്കൊപ്പമുള്ള ബന്ധം എല്ലായ്‌പ്പോഴും സന്തോഷകരമാക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കാറുള്ളത്. ഇതിനായി പല സമയങ്ങളിലും പരസ്പരംവിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. ഒന്നിച്ചുള്ള യാത്രകളും മനസ് തുറന്നുള്ള സംസാരവുമെല്ലാം ബന്ധം കുറച്ചുകൂടി ശക്തമാക്കാൻ ദമ്പതികൾ പരീക്ഷിച്ച് പോകുന്ന ഉപാധികൾ ആണ്. എന്നാൽ അടുത്തിടെയായി സ്ലീപ്പ് ഡിവോഴ്‌സ് ആണ് ദമ്പതികൾ തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കാനായി പ്രയോജനപ്പെടുത്തുന്ന രീതി.
പേര് കേൾക്കുമ്പോൾ വേർപിരിയലുമായി ഇതിന് ബന്ധമുണ്ടെന്ന് തോന്നുമെങ്കിലും സംഗതി അതല്ല. മറിച്ച് തൽക്കാലത്തേക്ക് പങ്കാളിയിൽ നിന്നും മാറി കിടക്കുന്ന രീതിയാണ് സ്ലീപ്പ് ഡിവോഴ്‌സ്. ഒരു മുറിയിൽ രണ്ട് കിടക്കകളിലോ, അല്ലെങ്കിൽ രണ്ട് വ്യത്യസ്തമുറികളിലോ ആയാണ് സ്ലീപ്പ് ഡിവോഴ് നടത്തുന്നവർ കിടക്കാറുള്ളത്. സെലിബ്രിട്ടികൾ മുതൽ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾവരെ സംതൃപ്തകരമായ ദാമ്പത്യ ജീവിതത്തിനായി ഈ രീതി ശീലിച്ചു പോരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പരസ്പരം നല്ല ഉറക്കം നൽകുക എന്നതാണ് സ്ലീപ്പ് ഡിവോഴ്‌സിന്റെ ലക്ഷ്യം. കൂർക്കം വലി, തിരിഞ്ഞും മറിഞ്ഞും കിടക്കൽ, അടിക്കടി മൂത്രം ഒഴിക്കാൻ എഴുന്നേക്കൽ തുടങ്ങി നിരവധി ഘടകങ്ങൾ പങ്കാളിയുടെ ഉറക്കത്തെ ബാധിച്ചേക്കാം. ശരിയായി ഉറക്കം ലഭിക്കാതിരിക്കുമ്പോൾ മാനസിക പിരിമുറുക്കം കൂടുകയും ദമ്പതികൾ തമ്മിലുള്ള കലഹങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇവിടെയാണ് സ്ലീപ്പ് ഡിവോഴ്‌സ് പ്രധാന്യം അർഹിക്കുന്നത്.
പരസ്പരം വേറിട്ട് കിടക്കുന്നത് പങ്കാളിയ്ക്ക് നല്ല ഉറക്കം കിട്ടാൻ കാരണം ആകും. നല്ല ഉറക്കം മാനസിക പിരിമുറുക്കം കുറയ്ക്കുകയും നമ്മെ ഊർജ്ജസ്വലർ ആക്കുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാകുന്ന നല്ല മാനസികാവസ്ഥ ദാമ്പത്യബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു.
Discussion about this post