കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ സംസ്ഥാന കോൺഗ്രസിനുള്ളിൽ പുകയുന്ന ആഭ്യന്തര കലഹം മറനീക്കി പുറത്തേക്ക്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത നിർണായക യോഗത്തിൽ നിന്ന് മുതിർന്ന നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വിട്ടുനിൽക്കും. കൊച്ചിയിൽ നടന്ന മഹാപഞ്ചായത്ത് വേദിയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തനിക്ക് നേരിടേണ്ടി വന്ന കടുത്ത അവഗണനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് തരൂരിന്റെ ഈ കടുത്ത തീരുമാനമെന്നാണ് അഭ്യൂഹം.
തരൂരിനെ സ്വന്തം തട്ടകത്തിൽ വെച്ച് അപമാനിച്ചത് അണികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന പരിപാടിയിൽ പ്രോട്ടോക്കോൾ പാലിക്കാതെ തരൂരിനെ ഒതുക്കാൻ ബോധപൂർവമായ ശ്രമം നടന്നതായാണ് സൂചന. തരൂരിന് ശേഷം രാഹുൽ ഗാന്ധി മാത്രമേ സംസാരിക്കൂ എന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും, പരിപാടി തുടങ്ങിയതോടെ മറ്റ് പല പ്രാദേശിക നേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുകയും തരൂരിനെ പ്രസംഗ പട്ടികയിൽ പിന്നിലേക്ക് തള്ളുകയും ചെയ്തു. തന്റെ പ്രസംഗത്തിലുടനീളം ശശി തരൂരിന്റെ പേര് പരാമർശിക്കാൻ പോലും രാഹുൽ ഗാന്ധി തയ്യാറായില്ല എന്നതും ചോദ്യചിഹ്നമായിട്ടുണ്ട്.
സംസ്ഥാന കോൺഗ്രസ് നേതൃത്വവും എഐസിസിയും ചേർന്ന് തന്നെ നിരന്തരം അവഗണിക്കുകയാണെന്ന പരാതി തരൂർ അടുത്ത അനുയായികളോട് പങ്കുവെച്ചതായാണ് വിവരം. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന തരൂരിന്റെ നിലപാടുകൾ പലപ്പോഴും കോൺഗ്രസിനുള്ളിലെ തീവ്ര ഗ്രൂപ്പിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ‘രാജ്യമാണ് പാർട്ടിക്ക് മുകളിൽ’ എന്ന തരൂരിന്റെ പ്രഖ്യാപനം കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഈ വിരോധമാണ് കൊച്ചിയിലെ വേദിയിൽ പരസ്യമായ അവഗണനയായി പുറത്തുവന്നതെന്നാണ് വിലയിരുത്തൽ. ഹൈക്കമാൻഡ് യോഗം ബഹിഷ്കരിച്ച തരൂർ ഇന്ന് കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കും.










Discussion about this post