മുംബൈ : നാഷണൽ കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാറെന്ന് അമിത് ഷാ വ്യക്തമാക്കി. ഈ രാജ്യത്ത് അഴിമതിയെ സ്ഥാപനവൽക്കരിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അത് ശരദ് പവാർ ആണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന ബിജെപിയുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ശരദ് പവാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ശരദ് പവാർ മറാത്ത സംവരണ വിഷയം തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലായ്പ്പോഴും ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ മാത്രമാണ് മറാത്ത സംവരണ വിഷയം വലിയ പ്രശ്നമായി ഉയർത്തപ്പെടുന്നത്. എന്നാൽ ശരദ് പവാർ അധികാരത്തിലുള്ള സമയത്ത് ഇങ്ങനെ ഒരു വിഷയം ആരും എവിടെയും കേൾക്കില്ല എന്നും അമിത് ഷാ സൂചിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി കോൺഗ്രസ് വലിയ കളവുകളാണ് പ്രചരിപ്പിക്കുന്നത് എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അധികാരത്തിലിരുന്ന കാലത്ത് കോൺഗ്രസ് എപ്പോഴാണ് ആദിവാസികൾക്കും പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ചിരുന്നത്? അവർക്ക് വേണ്ടി ഒന്നും ചെയ്യാത്ത കോൺഗ്രസ് ബിജെപി വന്നാൽ സംവരണം അവസാനിപ്പിക്കും എന്ന് നുണ പ്രചരിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി നൽകി കൊണ്ടാണ് ബിജെപി ഭരണം നടത്തുന്നത് എന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post