ചണ്ഡീഗഡ് : കലാപ സാധ്യത കണക്കിലെടുത്ത് ഹരിയാനയിലെ നൂഹിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും ബൾക്ക് എസ്എംഎസ് സേവനങ്ങൾക്കും താൽക്കാലികമായി വിലക്കേർപ്പെടുത്തി.
ജലാഭിഷേക യാത്രയ്ക്ക് മുന്നോടിയായാണ് നൂഹിൽ മൊബൈൽ ഇൻ്റർനെറ്റും ബൾക്ക് എസ്എംഎസും ആഭ്യന്തര വകുപ്പ് ഞായറാഴ്ച നിർത്തിവച്ചത്. കഴിഞ്ഞ വർഷം ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കനത്ത കല്ലേറ് കണക്കിലെടുത്താണ് മുൻകൂട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.
ജൂലായ് 22-ന് രാവിലെ 10 മണിക്ക് നൂഹിലെ നൽഹർ മഹാദേവ് ക്ഷേത്രത്തിൽ നിന്നാണ് ജലാഭിഷേക ഘോഷയാത്ര ആരംഭിക്കുന്നത്. ആദ്യം ജീർക്കയിലെ ജീരേശ്വര ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഘോഷയാത്ര ഒടുവിൽ നൂഹിലെ ശൃംഗാർ ക്ഷേത്രത്തിൽ വെച്ചാണ് സമാപിക്കുക. കഴിഞ്ഞ വർഷം ജൂലൈ 31 ന്, നൂഹിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയ്ക്ക് നേരെ ഒരു വിഭാഗം കനത്ത കല്ലേറ് നടത്തുകയും തീർത്ഥാടകരെ ആക്രമിക്കുകയും വാഹനങ്ങൾക്ക് തീവയ്ക്കുകയും ചെയ്തു . അന്ന് നടന്ന കലാപത്തിൽ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെടുകയും നിരവധി പോലീസുകാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ വർഷവും ഘോഷയാത്രയ്ക്ക് നേരെ ഇത്തരത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാലാണ് ഹരിയാന ആഭ്യന്തരവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി അനുരാഗ് രസ്തോഗിയുടെ പ്രത്യേക ഉത്തരവ് പ്രകാരം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും എസ്എംഎസ് സേവനങ്ങളും നിർത്തിവച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച വൈകുന്നേരം 6 വരെയാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും ബൾക്ക് എസ്എംഎസ് സേവനങ്ങളും നിർത്തിവയ്ക്കുക. പൊതു സൗകര്യത്തിനും ജനങ്ങളുടെ അടിസ്ഥാന ഗാർഹിക ആവശ്യങ്ങൾക്കുമായി വ്യക്തിഗത എസ്എംഎസ്, മൊബൈൽ റീചാർജ്, ബാങ്കിംഗ് എസ്എംഎസ്, വോയ്‌സ് കോളുകൾ, കോർപ്പറേറ്റ്, ആഭ്യന്തര ബ്രോഡ്‌ബാൻഡ്, സ്വകാര്യ ലൈനുകൾ വഴി നൽകുന്ന ഇൻ്റർനെറ്റ് സേവനങ്ങൾ എന്നിവയെ ഈ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post