കോഴിക്കോട് : നിപ ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി ആരോപണം. ഐസൊലേഷൻ വാർഡിന്റെ താക്കോൽ ലഭിക്കാതിരുന്നതാണ് ദീർഘനേരം കാത്തിരിപ്പിന് ഇടയാക്കിയത്. ഒടുവിൽ ചുറ്റിക കൊണ്ട് പൂട്ട് പൊളിച്ചാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്.
സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ച ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി അരമണിക്കൂർ കാത്തിരിക്കേണ്ടിവന്നത്. ഇത്രയും സമയം കുട്ടിയുമായി ആംബുലൻസിൽ കാത്തിരിക്കേണ്ടി വന്നു എന്നാണ് പരാതി ഉയരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിച്ച കുട്ടിയെ പ്രവേശിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങളിൽ വീഴ്ച ഉണ്ടായി എന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.
സ്വകാര്യ ആശുപത്രിയിൽ നിന്നും കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക് അറിയിപ്പ് ലഭിക്കാൻ വൈകിയതും കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ നിസ്സഹകരണവും ആണ് കാലതാമസം ഉണ്ടാക്കിയത് എന്നാണ് പരാതി. കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ കയ്യിൽ നിന്നും ഐസൊലേഷൻ മുറിയുടെ താക്കോൽ ലഭിക്കാഞ്ഞതിനാൽ ആണ് പൂട്ട് ചുറ്റിക ഉപയോഗിച്ച് പൊളിക്കേണ്ടി വന്നതെന്ന് പറയുന്നു.
രോഗബാധിതനായ കുട്ടിയുമായി ആംബുലൻസിൽ കാത്തിരിക്കുന്ന സമയത്താണ് മാസങ്ങളായി പൂട്ടിക്കിടന്നിരുന്ന ഐസൊലേഷൻ വാർഡ് വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കിയത്. എന്നാൽ ഇക്കാര്യത്തിനായി മെഡിക്കൽ കോളേജിലെ ശുചീകരണ തൊഴിലാളികളും ജീവനക്കാരും ഒത്തൊരുമിച്ച് ശ്രമിച്ചത് കൂടുതൽ കാലതാമസം വരാതെ സഹായകരമായി എന്നും പറയുന്നു.
Discussion about this post