ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സമ്പൂർണ ബജറ്റ് ആയതുകൊണ്ട് തന്നെ നിർണായക പ്രഖ്യാപനങ്ങൾ ആയിരിക്കും ഉണ്ടാകുക. നികുതിയിളവുൾപ്പെടെ സാധാരണക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
അടുത്ത് അഞ്ച് വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടിയുള്ള ബജറ്റ് ആകും നാളെ പ്രഖ്യാപിക്കുക എന്നാണ് പ്രധാനമന്ത്രി പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പറഞ്ഞത്. ഭാരതത്തിന്റെ അമൃതകാലത്തിന് വേണ്ടിയുള്ളതാണെന്നും വികസിത ഭാരതത്തിന്റെ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രധാനമായും ആറ് മേഖലകളെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രാലയം തയ്യാറാക്കിയ സാമ്പത്തിക സർവ്വേയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.
സ്വകാര്യ നിക്ഷേപം
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് സ്വകാര്യ നിക്ഷേപം. അതിനാൽ ഇത് വർദ്ധിപ്പിക്കണം എന്നാണ് സാമ്പത്തിക സർവ്വേയിലെ പരാമർശം. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കാം.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന മറ്റൊരു ഘടകമാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ. അതുകൊണ്ട് തന്നെ ഇവയുടെ വ്യാപനത്തിന് സഹായകമാകുന്ന പ്രഖ്യാപനങ്ങൾ ഇക്കുറി പ്രതീക്ഷിക്കുന്നു. സംരംഭകർക്ക് അധിക സാമ്പത്തിക സഹായവും നികുതിയിളവും നൽകാനാണ് സാദ്ധ്യത.
കാർഷിക മേഖല
ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷിക മേഖല. അതുകൊണ്ട് തന്നെ താങ്ങുവിലകളിലെ വർദ്ധനവ് ഉൾപ്പെടെ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ ചില നയങ്ങൾ മാറ്റാനും, പുതിയ കൊണ്ടുവരാനും സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്.
സുസ്ഥിരവികസനത്തിനായുള്ള നിക്ഷേപം
സുസ്ഥിര വികസനത്തിനായുളള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള തീരുമാനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുകൂടിയാണ് ഇത്. റിന്യൂവബിൾ എനർജിയിൽ ഉൾപ്പെടെയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കും.
വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം
വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വെല്ലുവിളിയാണ്. അതിനാൽ ഇത് പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. ബജറ്റിന്റെ ഭാഗമായി നടത്തിയ സർവ്വേയിൽ ഇതൊരു ഗുരുതര പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടെ ക്ഷമത
സംസ്ഥാന- കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകം ആണെന്നാണ് സാമ്പത്തിക സർവ്വേയിൽ സൂചിപ്പിക്കുന്നത്.
Discussion about this post