ബിയറിൽ കുളിക്കുക…. ആഹാ ബിയർ പ്രേമികൾക്ക് ആനന്ദം നൽകുന്ന ഒരു പ്രയോഗം. കഴുത്തൊപ്പം ബിയർ അകത്താക്കുമ്പോഴാണ് സാധാരണ നീയെന്താ ബിയറിൽ കുളിക്കുകയാണോ എന്ന ചോദ്യം ഉയരാറ്. എന്നാൽ ഇതറിഞ്ഞോളൂ.. ലോകത്തിന്റെ പലഭാഗത്തും ബിയർ സ്പാ ഇപ്പോൾ ട്രെൻഡിംഗാണ്… പച്ചയ്ക്ക് പറഞ്ഞാൽ ബിയറിൽ കുളി.. അതെ അത് തന്നെ… കേട്ടാൽ മൂക്കത്ത് വിരൽ വച്ച് പോകുമെങ്കിലും സംഗതി സത്യമാണ്. യുകെയിലെ സ്പാകളിലാണ് ഇപ്പോൾ ബിയർ ബാത്തിംഗ് ട്രെൻഡിംഗായി മാറിയിരിക്കുന്നത്. കൂണുകൾ മുളച്ചുപൊന്തും പോലെയാണ് ബിയർ ബാത്തിംഗ് സ്പാ സെന്ററുകളിൽ സജീകരിച്ചിരിക്കുന്നത്. ദി നോർഫോക്ക് മീഡ് ബോട്ടിക് ഹോട്ടൽ യുകെയിലെ ആദ്യത്തെ ബിയർ സ്പാ തുറന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശരീരത്തെയും മനസിനെയും ശാന്തമാക്കാൻ ഈ ബിയറിലുള്ള കുളിക്ക് സാധിക്കും എന്നാണ് ഹോട്ടൽ പറയുന്നത്
വലിയൊരു ബിയർ ടബ്ബിൽ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയർ സ്പാ.കംമ്പാല തടികളിൽ നിർമിച്ച ടബ്ബുകളാണ് ബിയർ ബാത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു ടബ്ബിൽ 2 പേർ വീതം ഒരു മണിക്കൂറിൽ 14 പേർക്ക് ഒരുമിച്ച് ബിയർ സ്പാ ചെയ്യാം. ഒരേസമയം എട്ടുപേർക്കധികം ഇരിക്കാവുന്ന വലിയ ടബ്ബുകളും സ്പായ്ക്ക് ഒരുക്കിയിട്ടുണ്ട്. കപ്പിളായിട്ടോ സിംഗിളായിട്ടോ ബിയറിൽ നല്ലൊരു കുളി പാസാക്കാം. അതും ബിയർ നുണഞ്ഞുകൊണ്ട്. അത് കഴിഞ്ഞാൽ ബിയറിലെ ചേരുവകൾ കൊണ്ടുണ്ടാക്കിയ മിശ്രിതം ഉപയോഗിച്ച് നല്ല അസ്സൽ മസാജ്.. പിന്നെ ഒന്നാന്തരം ഒരു ഉറക്കവും …
ബിക്കിനിയോ സ്വിം സ്യൂട്ടോയിട്ട് ബിയർ സ്പായ്ക്ക് ഇറങ്ങുന്നവർ ഒട്ടും കുറവല്ല. എന്നാൽ നഗ്‌നരായി മുങ്ങുന്നവരാണ് കൂടുതലും. ബിയർ സ്പായ്ക്ക് കൃത്യമായ സമയനിഷ്ഠയുണ്ട്. അതിനാൽ ഒരു നിമിഷം പോലും പാഴാക്കാനാകില്ല. നിങ്ങളുടെ സമയം ടിക്ക് ചെയ്ത് കഴിഞ്ഞാൽ അത് പരമാവധി ഉപയോഗിക്കുകയാണ് വേണ്ടത്. ബിയറിൽ കുതിർന്ന ശരീരം നന്നായി വൃത്തിയായശേഷം വയ്‌ക്കോൽ കൊണ്ടുണ്ടാക്കിയ കിടക്കയിൽ നിവർന്ന് കിടക്കാം. ബിയർ നനഞ്ഞ ശരീരത്തിലെ സത്ത് മുഴുവൻ സ്വയം ഇറങ്ങുന്നതിന് ഇത് സഹായിക്കും.
മുടിക്കും, ചർമത്തിനും പുത്തനുണർവ് പകരാൻ ബിയർ ബാതിന് കഴിയും. ബിയറിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി താരനെ പ്രതിരോധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ടബ്ബുകൾ എല്ലാം തന്നെ ബിയർ നിറച്ച് സജ്ജമാക്കിട്ടുണ്ടാവും ഒപ്പം എല്ലാ മുറികളിലും ബിയർ ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. 25 മിനിറ്റ് നേരം ബിയർ ടബ്ബിൽ മുങ്ങികിടന്ന ശേഷം വീണ്ടും 25 മിനിറ്റ് ടബ്ബിൽ നിന്നും മാറി വിശ്രമിക്കണം. എന്നാൽ മാത്രമേ ബിയറിന്റെ ഗുണങ്ങൾ ശരീരത്തിൽ കൃത്യമായി ലഭിക്കുള്ളൂ. ബിയറിൽ മുങ്ങികുളി ജീവിതത്തിൽ ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ട ഒന്നാണെന്ന് നിസംശയം പറയാം…












Discussion about this post