ബംഗളൂരു: ഷിരൂരിൽ ലോറി കരയിലില്ലെന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുകയാണ് സൈന്യം. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ 90 ശതമാനം മണ്ണുനോക്കിയിട്ടും അർജുനെയും ലോറിയെയും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയത്.
റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്‌നൽ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവർത്തകർ പരിശോധിച്ചു.ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്കു പതിച്ചേക്കാമെന്ന സംശയത്തിലാണു സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്‌നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്‌നൽ കിട്ടിയ പ്രദേശം മാർക്കു ചെയ്തു പരിശോധിക്കുകയാണ് ഒരു സംഘം.
നദിയിൽ ലോറി വീണെങ്കിൽ ഇതിനകം തന്നെ കയർ പൊട്ടുകയും തടിക്കഷണങ്ങൾ വെള്ളത്തിൽ ഒഴുകുകയും ചെയ്‌തേനെ. എന്നാൽ ഒറ്റ തടിക്കഷണവും വെള്ളത്തിൽ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ അർജുനും ലോറിയും എവിടെയെന്ന ചോദ്യം ഉയരുന്നു.
ലോറി നിർത്തിയിട്ട ഭാഗത്തുനിന്നു മണ്ണിടിച്ചിലിൽ തള്ളിപ്പോയെങ്കിൽ ചായക്കടയുണ്ടായിരുന്ന ഭാഗത്ത് ഉണ്ടാകാനാണ് സാധ്യത. അങ്ങനെ വണ്ടി തള്ളിപ്പോന്നുവെങ്കിൽ ഒന്നുരണ്ടു തവണ മറിയാനുള്ള സാധ്യതയുമുണ്ട്. ലോറി മറിഞ്ഞിരുന്നെങ്കിൽ ലോറിയിലുളള തടിക്കഷണങ്ങളിലൊന്നെങ്കിലും പരിസരത്ത് കണ്ടെത്തിയേനെ. ഒരു തടിക്കഷണം പോലും ഇവിടെനിന്നും ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടു നിർത്തിയിട്ട ഭാഗത്തുനിന്നു വണ്ടി നീങ്ങിയിട്ടില്ലെന്നു മനസിലാക്കാം. 40 ടൺ ഭാരമുള്ള ലോഡാണ് വണ്ടിയിലുള്ളത്. നാനൂറിലധികം തടിക്കഷണങ്ങളുണ്ട് ലോറിയിൽ. മണ്ണിടിച്ചിലിൽ ലോറി പുഴയിലേക്കു പോയെങ്കിൽ ഒരു കഷണം തടിയെങ്കിലും എവിടെയെങ്കിലും കാണണ്ടേയെന്ന് ലോറി ഉടമ മനാഫും ചോദിക്കുന്നു.
Discussion about this post