ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞതിന് പിന്നാലെ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഷിരൂർ സ്വദേശിനി സന്ന ഹനുമന്തപ്പയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം.
രാവിലെയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന പ്രദേശത്ത് നിന്നും 12 കിലോ മീറ്റർ മാറി ഗോകർണിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇത് ഹനുമന്തപ്പയുടേത് ആണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
ഗംഗാവാലി പുഴയുടെ സമീപത്താണ് ഇവരുടെ വീട്. മണ്ണിടിച്ചലുണ്ടായതിന് പിന്നാലെ ഇവരുടെ വീട് തകർന്നിരുന്നു. ഇതോടെ ഇവർ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഹനുമന്തയ്‌ക്കൊപ്പം മൂന്ന് പേരെ കൂടി കാണാതെ ആയിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
അതേസമയം പ്രദേശത്ത് അർജുനായി തിരച്ചിൽ തുടരുകയാണ്. കരയിൽ അർജുന്റെ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അതിനാൽ പുഴ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. തിരച്ചിലിന് സൈന്യം നേതൃത്വം നൽകും. എട്ട് ദിവസം മുൻപാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായി അർജുനെ കാണാതെ ആയത്.
Discussion about this post