ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിലെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കോൺഗ്രസിന്റെ ആശയങ്ങൾ കോപ്പിയടിച്ചാണ് എൻഡിഎ സർക്കാർ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2024ലെ കോൺഗ്രസ് പ്രകടനപത്രികയിൽ ഉണ്ടായിരുന്ന പല കാര്യങ്ങളും ഈ ബജറ്റിൽ കാണാൻ കഴിയുന്നുണ്ടെന്നും പി ചിദംബരം വിമർശിച്ചു.
സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ചിദംബരം ബജറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ധനമന്ത്രി നിർമ്മല സീതാരാമൻ കോൺഗ്രസിന്റെ പ്രകടനപത്രിക വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം എന്ന് അദ്ദേഹം പരിഹസിച്ചു. ഞങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ആണ് ഇന്നത്തെ ബജറ്റിലെ പല കാര്യങ്ങളും. എംപ്ലോയ്‌മെൻ്റ്-ലിങ്ക്ഡ് ഇൻസെൻ്റീവ്, അപ്പ്രന്റിസ് അലവൻസ് എന്നിവ കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ് എന്നും പി ചിദംബരം തന്റെ കുറിപ്പിൽ പങ്കുവെച്ചു.
മൂന്നാം നരേന്ദ്രമോദി സർക്കാരിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചതോടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയൊരു ചരിത്രം തന്നെ കുറിച്ചിരിക്കുകയാണ്. ഇതോടെ തുടർച്ചയായി 7 ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറി. തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡ് ആണ് നിർമ്മല സീതാരാമൻ തകർത്തത്.
Discussion about this post