ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ രാജ്യത്തിന്റെ പ്രതിരോധ രംഗത്തിനായി വകയിരുത്തിയിരിക്കുന്നത് 6.21 ലക്ഷം കോടി രൂപയാണ്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപായി കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിലും ഇതേ തുകയായിരുന്നു പ്രതിരോധത്തിനായി നീക്കിവെച്ചിരുന്നത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിൻ്റെ മൊത്തം ബജറ്റിൻ്റെ 12.9% ആയ 6,21,940.85 കോടി രൂപയാണ് രാജ്യത്തിന്റെ പ്രതിരോധ രംഗത്തിനുള്ള വിഹിതം. പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ തുക വകയിരുത്തിയതിന് ധനമന്ത്രി നിർമ്മല സീതാരാമനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രതിരോധത്തിനായി നീക്കിവെച്ചിരുന്ന 5.25 ലക്ഷം കോടി രൂപയിൽ നിന്ന് 4.72 ശതമാനം വർധിപ്പിച്ചാണ് 2024-25ൽ 6.21 ലക്ഷം കോടി രൂപയായി പ്രതിരോധ ബജറ്റ് ഉയർത്തിയിരിക്കുന്നത്.
പുതിയ ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് സൈനിക ഹാർഡ്‌വെയർ എന്നിവ വാങ്ങുന്നതിനുള്ള മൂലധന ചെലവുകൾക്കായി സൈന്യത്തിന് മൊത്തം 1.72 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പ്രതിരോധ രംഗത്തെ ആത്മനിർഭരതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
2024-25ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ അനുസരിച്ച് സായുധ സേനയ്ക്കുള്ള ശമ്പളം ഒഴികെയുള്ള റവന്യൂ ചെലവുകൾക്കായി 92,088 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത് . സായുധ സേനയുടെ പെൻഷൻ ചിലവുകൾക്കായി 1.41 ലക്ഷം കോടി രൂപ യും അതിർത്തികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 6,500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രതിരോധ പെൻഷനുകൾക്കായി 1,41,205 കോടി രൂപയും പ്രതിരോധ സേവനങ്ങൾക്കായി 2,82,772 കോടി രൂപയും പ്രതിരോധ മന്ത്രാലയത്തിന് (സിവിൽ) 15,322 കോടി രൂപയും ഉൾപ്പെടെ മൊത്തം റവന്യൂ ചെലവ് 4,39,300 കോടി രൂപയാണ്. പ്രതിരോധ സേവനങ്ങൾക്കുള്ള മൂലധന വിഹിതത്തിൽ വിമാനങ്ങൾക്കും എയ്‌റോ എൻജിനുകൾക്കുമായി 40,777 കോടി രൂപയും മറ്റ് ഉപകരണങ്ങൾക്കായി 62,343 കോടി രൂപയും നീക്കിവച്ചു.
നാവികസേനയ്ക്ക് നേവൽ ഡോക്ക് യാർഡ് പദ്ധതികൾക്കായി 6,830 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി 7,651.80 കോടിയും ഡിആർഡിഒയ്ക്ക് 23,855 കോടി രൂപയും കേന്ദ്രബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നാവികസേനയ്ക്കും ഇന്ത്യൻ വ്യോമസേനയ്ക്കും യഥാക്രമം 32,778 കോടി രൂപയും 46,223 കോടി രൂപയും കേന്ദ്ര ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
Discussion about this post