കോഴിക്കോട്; കർണാടകയിൽ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് അപകടം നടന്ന് ഏകദേശം 19 മിനിറ്റ് വരെ മാത്രമാണ് പ്രവർത്തിച്ചതെന്ന് നിഗമനം. അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞും ജിപിഎസ് പ്രവർത്തിച്ചുവെന്നും എൻജിൻ ഓൺ ആയി എന്നുമുള്ള വാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി.
ജിപിഎസ് ലൊക്കേഷൻ അവസാനമായി പ്രവർത്തിച്ചത് ജൂലൈ 16ന് രാവിലെ 8.49ന്. 8.30നാണു മണ്ണിടിച്ചിലുണ്ടായത് എന്നാണു നേരത്ത വന്ന റിപ്പോർട്ടുകൾ. ഈ സമയത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവാം. എങ്കിലും ഇതുപ്രകാരം മണ്ണിടിച്ചിലുണ്ടായി ഏകദേശം 19 മിനിറ്റുകൾക്കകം ലോറിയുടെ ജിപിഎസ് പ്രവർത്തനരഹിതമായി. അർജുന്റെ ലോറിയുടെ ലൊക്കേഷൻ അവസാനമായി ജിപിഎസിൽ കാണിക്കുന്നത് ഷിരൂരിൽ തന്നെയാണ്. വണ്ടി ഷിരൂരിൽ ഓഫ്‌ലൈനായി എന്നു സൂചിപ്പിക്കുന്ന റെഡ് സിഗ്‌നലാണ് ജിപിഎസ് മാപ്പിൽ അതിനുശേഷം കാണിക്കുന്നത്.
കെഎ 15എ 7427 എന്ന റജിസ്‌ട്രേഷനുള്ള സാഗർ കോയ ടിംബേഴ്‌സ് ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്. സംഭവ ദിവസം അർജുൻ 181 കിലോമീറ്റർ വാഹനമോടിച്ചിട്ടുണ്ട്. ആകെ 6 മണിക്കൂർ 30 മിനിറ്റ് യാത്രാ സമയം. അങ്ങനെയെങ്കിൽ അർജുൻ യാത്ര ആരംഭിച്ചത് പുലർച്ചെ 2ന് ആയിരിക്കണം. മണിക്കൂറിൽ പരമാവധി 74 കി.മീ. വരെ വേഗതയിലാണ് വാഹനം ഓടിച്ചത്. പല ഘട്ടങ്ങളിലായി ഒരു മണിക്കൂർ 15 മിനിറ്റ് വണ്ടി ഓൺ ചെയ്തു വച്ചു വിശ്രമിച്ചതായും കാണാം. ഇതിൽ ഏറ്റവും കൂടുതൽ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കൻഡാണ്. ഇതു ചിലപ്പോൾ മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ധാബ(ചായക്കട)യ്ക്കു സമീപം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ എങ്കിൽ 8.15നാവും അർജുനും ലോറിയും അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടാവുക.
Discussion about this post