ന്യൂഡൽഹി : ഇലക്ട്രിക് സ്കൂട്ടറുകളിലെ രാജാവ് ഇനി ഇന്ത്യൻ വിപണിയിലും ലഭ്യമാകും. ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ബിഎംഡബ്ല്യു സിഇ 04 ആണ് ഇനി ഇലക്ട്രിക് വാഹന വിപണിയിലെ താരമാകാൻ ഒരുങ്ങുന്നത്. ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ഏറ്റവും ചെലവേറിയ വാഹനം കൂടിയാണിത്.
14.9 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു സിഇ 04 ന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യൻ വിപണിയിലെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ ആണ് ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത മെട്രോപൊളിറ്റൻ നഗരങ്ങളിൽ പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റായി ബിഎംഡബ്ല്യു സിഇ 04 ലഭ്യമാകും.
2024 സെപ്തംബർ മുതൽ ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾ ഡെലിവറികൾ ആരംഭിക്കും. 3 മണിക്കൂർ 30 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാൻ കഴിയുന്ന ഈ ഇലക്ട്രിക് സ്കൂട്ടറിനൊപ്പം ബിഎംഡബ്ല്യു മോട്ടോറാഡ് കോംപ്ലിമെൻ്ററി 2.3 kW ഹോം ചാർജറും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഒരു ഓപ്ഷണൽ BMW വാൾബോക്സ് ചാർജറും വാഹനത്തോടൊപ്പം ലഭ്യമാകും.
8.5 kWh ലിഥിയം-അയൺ ബാറ്ററി ആണ് ബിഎംഡബ്ല്യു സിഇ 04 ന്റെ പ്രധാന സവിശേഷത. അത് 130 കിലോമീറ്റർ റേഞ്ചും 7.7 kWh/100 km ഊർജ്ജ ഉപഭോഗവും നൽകുന്നു. സ്കൂട്ടറിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്. ബിഎംഡബ്ല്യുവിൻ്റെ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ അധിക സുരക്ഷയോടെ ഫ്രണ്ട് ഡബിൾ ഡിസ്‌ക് ബ്രേക്കും പിന്നിൽ സിംഗിൾ ഡിസ്‌ക് ബ്രേക്കും സഹിതം മികച്ച സ്റ്റോപ്പിങ് പവറും ഈ വാഹനത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്.
Discussion about this post