ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിൽ പുതിയ പരിഷ്‌കാരങ്ങളുമായി യുപിഎസ്‌സി. കോപ്പിയടിയും മറ്റ് കൃത്രിമങ്ങളും തടയുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. പരീക്ഷയിലെ തട്ടിപ്പ് തടയാൻ സാങ്കേതിക സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് യുപിഎസ്‌സിയുടെ തീരുമാനം.
പരീക്ഷാ കേന്ദ്രങ്ങളിൽ എഐ സാങ്കേതിക വിദ്യയോട് കൂടി പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ നിരീക്ഷണത്തിനായി സ്ഥാപിക്കും. അഡ്മിറ്റ് കാർഡുകളിൽ ക്യൂആർ കോഡുകൾ അച്ചടിയ്ക്കും. പരീക്ഷയ്‌ക്കെത്തുമ്പോൾ സ്‌കാനറുകൾ ഉപയോഗിച്ച് ഇത് പരിശോധിക്കും.
വിദ്യാർത്ഥികൾക്കായി ആധാർ ആധാരമാക്കിക്കൊണ്ടുള്ള ഫിഗർപ്രിന്റ് ഒതന്റിക്കേഷൻ സംവിധാനം കൊണ്ടുവരും. പരീക്ഷയ്‌ക്കെത്തുന്ന ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ഫേഷ്യൽ റെഗഗ്നിഷൻ സംവിധാനവും കൊണ്ടുവരും. ഇവയെല്ലാം നടപ്പിലാക്കാനായി യുപിഎസി ടെന്റർ വിളിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നാണ് ടെന്റർ പരിഗണിക്കുക. 100 കോടി രൂപയുടേതാണ് ടെന്റർ.
പ്രതിവർഷം 14 പരീക്ഷകൾ ആണ് യുപിഎസ്‌സി നടത്താറുള്ളത്. അടുത്തിടെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ നടത്തിപ്പ് സുതാര്യമാക്കാൻ യുപിഎസ്‌സി നിർണായക മാറ്റങ്ങൾ വരുത്തുന്നത്.
Discussion about this post