ഇന്ത്യൻ റെയിൽവേ പഴയ റെയിൽവേ അല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് അനൂപ നാരായൺ എന്ന യുവതി പങ്കുവെച്ച സമൂഹമാദ്ധ്യമ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രെയിൻ യാത്രയ്ക്കിടയിൽ ഉണ്ടായ ഒരു അസൗകര്യം ടിടിഇയോട് ചൂണ്ടിക്കാണിച്ചപ്പോൾ വളരെ വേഗത്തിൽ തന്നെ പരിഹാരം കണ്ടെത്തി നൽകുകയായിരുന്നു എന്ന് അനൂപ വ്യക്തമാക്കുന്നു. എല്ലാ മേഖലയിലും ഉള്ളത് പോലെ കസ്റ്റമറുടെ തൃപ്തി റെയിൽവേയും കാര്യമായി നോക്കി തുടങ്ങിട്ടുണ്ട്. അതിനാൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നു എങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ ചൂണ്ടിക്കാണിക്കണമെന്നും അനൂപ അറിയിക്കുന്നു.
അനൂപ നാരായൺ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം,
റെയിൽവെ പഴയ റെയിൽവേ അല്ല!!!!!
കഴിഞ്ഞ ദിവസം ഞാൻ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രിവാൻഡ്രം എക്സ്പ്രസിൽ കയറി. മുകളിലെ ബെർത്തു ആയിരുന്നു. നോക്കുമ്പോൾ ഒരു ഫാൻ കറങ്ങുന്നില്ല. ടി ടി ഇ ടിക്കറ്റ് നോക്കാൻ വന്നപ്പോൾ ഞാൻ ഈ പരാതി പറഞ്ഞു. ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ.. ഒന്നും നടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല.
പുള്ളി അപ്പോൾ തന്നെ മൊബൈലിൽ എന്തോ ചെയ്തു. എന്നിട്ട് പറഞ്ഞു, ടെക്നിഷ്യൻ വരുമെന്ന്. പറഞ്ഞപോലെ ട്രെയിനിൽ ഉണ്ടായിരുന്ന ടെക്‌നിഷ്യൻ വന്ന് നോക്കി. വർക്ക് ചെയ്യിക്കാൻ പറ്റിയില്ല. ടി ടി ഇ എന്നോട് സോറി ഓക്കേ പറഞ്ഞു.
സ്വാഭാവികം!!!
ഇതിൽ കൂടുതൽ എന്ത് സംഭവിക്കാനാണ്..
പക്ഷെ എന്നെ അത്ഭുതപെടുത്തികൊണ്ട് കോഴിക്കോട് ആകെ 5 മിനിറ്റ് ട്രെയിൻ നില്കുന്നതിന്റെ ഇടയിൽ വേറൊരു ടെക്‌നിഷ്യൻ കയറി. പുള്ളി സ്പീഡിൽ ഫാൻ ഊരി എന്തോ പിടിപ്പിച്ചു, പക്ഷെ ട്രെയിൻ പുറപ്പെട്ടപ്പോൾ ഇറങ്ങി ഓടി. അപ്പോളും നടന്നില്ല. മനസു കൊണ്ട് ഫാനില്ല എന്നതുമായി ഞാൻ സെറ്റായി ഉറങ്ങിപ്പോയി.
അപ്പോൾ റെയിൽവേ തോറ്റോ???
ഇല്ലന്നെ…
ഷൊർണുർ സ്റ്റേഷനിൽ എത്തിയപ്പോൾ എന്തൊക്കെയോ ശബ്ദം കേട്ട് ഞാൻ ഞെട്ടി എണീറ്റു. നോക്കുമ്പോൾ 3 ടെക്‌നിഷ്യൻമാർ കയറി സംഭവം റെഡിയാക്കുന്നു. 2 മിനിറ്റ് പണി… ഫാൻ റെഡിയാക്കി. അതിലെ ഒരു മാഡത്തിന്റെ വർക്കിന്റെ സ്പീഡ് കണ്ടു…ഞാൻ അവരുടെ ഫാനായി പോയി.
ഈ അടുത്ത കാലത്ത് എനിക്ക് ഉണ്ടായ രണ്ടാമത്തെ നല്ല അനുഭവമാണ്. ഇതിനു മുമ്പ് ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ കവർ മറന്നു വെച്ചപ്പോൾ, RPF ഇന്നോട് പരാതി പെട്ടപ്പോൾ അടുത്ത സ്റ്റേഷനിൽ അത് എടുത്തു വെച്ച് വിളിച്ചു പറഞ്ഞു.
എല്ലാ മേഖലയിൽ ഉള്ളത് പോലെ കസ്റ്റമരുടെ തൃപ്തി റെയിൽവേയും കാര്യമായി നോക്കി തുടങ്ങിട്ടുണ്ട്. അതുകൊണ്ട് പഴയത് പോലെ നിന്നു സഹിച്ചു, ഇതൊന്നും നേരെയാവില്ലയെന്ന് പറയാതെ നമുക്ക് ചൂണ്ടി കാണിച്ചു തുടങ്ങാം. അങ്ങനെയല്ലേ മാറ്റങ്ങൾ ഉണ്ടാവുന്നത്.
(യാത്രയിലെ ഫാൻ ശരിയാക്കുന്നതിൽ, വളരെ വേഗത്തിൽ പ്രവർത്തിച്ചവരെ അവർ അറിയാതെ പകർത്തിയ ചിത്രങ്ങളാണ്. അവരോട് ചോദിക്കാതെ പോസ്റ്റ് ചെയ്യുന്നത്)
ഒരുപാട് നന്ദി..!!!!
Discussion about this post