കണ്ണൂർ : കണ്ണൂരിൽ അമീബിക് മസ്തിഷ്കജ്വരം എന്ന് സംശയിക്കപ്പെട്ടിരുന്ന മൂന്നര വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് സ്ഥിരീകരിച്ചത്. പോണ്ടിച്ചേരിയിൽ നടന്ന പിസി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. തളിപ്പറമ്പിലെ വെള്ളച്ചാട്ടത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. നിലവിൽ വെന്റിലേറ്ററിൽ കഴിയുകയാണ് മൂന്നര വയസ്സുകാരൻ.
അതേസമയം കോഴിക്കോട് നാലു വയസ്സുകാരനായ കുട്ടിയെ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ പരിശോധന ഫലം നാളെ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 97% മരണ നിരക്കുള്ള അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്നും കഴിഞ്ഞദിവസം കേരളത്തിലെ 14 വയസ്സുകാരൻ രോഗവിമുക്തി നേടിയത് വലിയ വാർത്ത ആയതിന് പിന്നാലെയാണ് രണ്ടു കുട്ടികളെ കൂടി രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post