ചെന്നൈ: പാഴ്‌സലായി വാങ്ങിയ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനൽകേണ്ടിവന്നത് വൻതുക. 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്.
വിഴുപുരത്തുള്ള റസ്റ്ററന്റിൽ നിന്ന് രണ്ട് വർഷം മുമ്പ് പാഴ്‌സൽ വാങ്ങിയ ആരോഗ്യസ്വാമിയാണ് പരാതി നൽകിയത്. ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് 2022 നവംബർ ൽ വില്ലുപുരം മുരുകൻ ടെംപിൾ തെരുവിൽ കഴിയുന്ന ആരോഗ്യസാമി 25 പൊതിച്ചോറിനായി 2000 രൂപ വില്ലുപുത്ത ഹോട്ടലുടമയ്ക്കു നൽകിയത്. രസീത് ചോദിച്ചപ്പോൾ താൽക്കാലിക കടലാസിലാണ് എഴുതി നൽകിയത്. വീട്ടിലെത്തി ചോറുപൊതി തുറന്നതോടെ ഇതിനൊപ്പം അച്ചാറില്ലെന്നു ബോധ്യമായി. ഒരു രൂപ വീതം വിലയുള്ള 25 പാക്കറ്റുകളാണ് ചോറിനൊപ്പം നൽകാതിരുന്നത്.ഇതോടെ കടയിൽ തിരിച്ചെത്തിയ ആരോഗ്യസാമി അച്ചാറില്ലാത്തതിനാൽ 25 രൂപ തിരികെ നൽകാനാവശ്യപ്പെട്ടു. ഹോട്ടൽ ഉടമ വിസമ്മതിച്ചു.
ഇതോടെ ആരോഗ്യസ്വാമി വിഴുപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ആരോഗ്യസ്വാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമച്ചെലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നൽകാനാണ് ഉത്തരവിൽ പറയുന്നത്. 45 ദിവസങ്ങൾക്കുള്ളിൽ പണം നൽകണമെന്നും വീഴ്ച വരുത്തിയാൽ മാസം ഒൻപത് ശതമാനം പലിശ നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
Discussion about this post