ശ്രീനഗർ: പഞ്ചാബിലെ പഠാൻകോട്ടിൽ ഭീകരവാദികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം നൽകി. സംഭവത്തെ തുടർന്ന് ജമ്മു കശ്മീരിലെ സൈനിക സ്‌കൂൾ അടച്ചു. പഠാൻകോട്ടിൽ 7 വ്യക്തികളെ ദുരൂഹ സാഹചര്യത്തിൽ കണ്ടെന്ന പ്രദേശവാസിയായ സ്ത്രീയുടെ വിവരത്തെ തുടർന്നാണ് മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
സ്ത്രീ കണ്ടെന്ന് അറിയിച്ച ഒരാളുടെ രേഖാചിത്രവും സൈന്യം തയ്യാറാക്കിയിട്ടുണ്ട്. ഫഗ്ടോളി ഗ്രാമത്തിലാണ് ഭീകരർ എത്തിയെന്ന് സംശയിക്കുന്നത്. പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഭീകരർക്കായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്.നിലവിൽ ഗ്രാമം മുഴുവൻ സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
രാവിലെ ഗ്രാമത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലായിരുന്നു ഭീകരർ എത്തിയതായി സ്ഥിരീകരിച്ചത്. കാർഗിൽ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ വിജയം നേടിയതിന്റെ 25ാം വാർഷികം ആണ് ഇന്ന്. ഇതിനിടെയാണ് പഠാൻകോട്ടിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. പ്രദേശവാസികളോട് ജാഗ്രത പുലർത്തുവാനും സംശയാസ്പദമായി എന്ത് കണ്ടാലും സൈന്യത്തെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post