വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമല ഹാരിസിന് പിന്തുണയുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ. നേരത്തെ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥി ആയേക്കും എന്ന സൂചന ഉണ്ടായിരുന്നപ്പോൾ ഒബാമ അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നെങ്കിലും കമല ഹാരിസ് സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ചിരുന്നില്ല. ദിവസങ്ങൾ നീണ്ട മൗനത്തിന് ഒടുവിൽ ഇപ്പോൾ കമലക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും.
കമല ഹാരിസിനെ നേരിട്ട് ഫോണിൽ വിളിച്ച് ഒബാമ ദമ്പതികൾ പിന്തുണ അറിയിച്ചു. ചരിത്രപരമായ സ്ഥാനാർത്ഥിത്വം എന്നാണ് ബരാക് ഒബാമ കമല ഹാരിസിന്‍റെ സ്ഥാനാർഥിത്വത്തെ വിശേഷിപ്പിച്ചത്. ഇതുപോലൊരു നിർണായകഘട്ടത്തിൽ ആവശ്യമായ കാഴ്ചപ്പാടുകളും ശക്തിയും സ്വഭാവവും കമലയ്ക്ക് ഉണ്ടെന്നും ഒബാമ അഭിപ്രായപ്പെട്ടു.
കമല ചരിത്രം കുറിക്കാൻ പോവുകയാണെന്നും നിങ്ങളെ കുറിച്ച് ഓർത്ത് എനിക്ക് അഭിമാനം ഉണ്ടെന്നും മിഷേൽ ഒബാമ അറിയിച്ചു. ഇരുവരുടെയും സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി അറിയിക്കുന്നതായി കമല ഹാരിസ് വ്യക്തമാക്കി. അമേരിക്കയിലെ കറുത്തവർഗക്കാരനായ ആദ്യ പ്രസിഡൻ്റായ ഒബാമ ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞിട്ടും ഡെമോക്രാറ്റിക് പാർട്ടിയിലെ ഏറ്റവും ജനപ്രിയ വ്യക്തികളിൽ ഒരാളാണ്. അതിനാൽ തന്നെ ഒബാമയുടെ പിന്തുണ കമല ഹാരിസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post