എറണാകുളം: സ്‌കൂൾ സർട്ടിഫിക്കേറ്റിൽ മതം മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. രണ്ട് യുവാക്കൾ സമർപ്പിച്ച ഹർജിയിൽ ആണ് കോടതിയുടെ അനുകൂല ഉത്തരവ്. വ്യക്തികളെ ഏതെങ്കിലും ഒരു മതത്തിൽ മാത്രം തളച്ചിടേണ്ട ആവശ്യമില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതി നൽകിയത്. ഇരുവരും പുതിയ മതം സ്വീകരിച്ചതിന് പിന്നാലെ കോടതിയെ സമീപിക്കുകയായിരുന്നു.
ഏത് മതത്തിൽ വേണമെങ്കിലും വിശ്വസിക്കാനും അത് അനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഇന്ത്യൻ പൗരന്മാർക്കുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 (1) ഈ അവകാശം ഉറപ്പ് വരുത്തുന്നു. അതിനാൽ സ്‌കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റി പുതിയ മതം ചേർക്കാം. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം മാറ്റം അനുവദിക്കുന്ന വ്യവസ്ഥയില്ല. എന്നാൽ ഒരു മതത്തിൽ മാത്രം ആളുകൾ തളച്ചിടപ്പെടേണ്ടവരല്ല ആരും. മത സ്വാതന്ത്ര്യം നമുക്കുണ്ട്. അതിനാൽ രേഖയിൽ ആവശ്യപ്രകാരം തിരുത്തലുകൾ വരുത്താമെന്നും കോടതി പറഞ്ഞു.
ഹിന്ദുക്കളാണ് ഹർജിയുമായി കോടതിയിൽ എത്തിയത്. അടുത്തിടെ ഇവർ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്‌കൂൾ സർട്ടിഫിക്കറ്റിൽ തിരുത്തൽ ആവശ്യപ്പെട്ട് പരീക്ഷാ കൺട്രോളറെ സമീപിച്ചു. എന്നാൽ ഇതിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ മടക്കി അയക്കുകയായിരുന്നു. ഇതോടെയാണ് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Discussion about this post