കാഠ്മണ്ഡു: വികസന പദ്ധതിയ്ക്കായി ചൈനീസ് സർക്കാർ വാഗ്ദാനം ചെയ്ത സഹായം നിഷേധിച്ച് നേപ്പാൾ. അരനികോ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ചൈന വാഗ്ദാനം ചെയ്ത സഹായമാണ് നേപ്പാൾ വേണ്ടെന്ന് പറഞ്ഞത്. സഹായം ചൈന വൈകിപ്പിച്ച പശ്ചാത്തലത്തിലാണ് ഇനി ആവശ്യമില്ലെന്ന് നേപ്പാൾ അറിയിച്ചത്.
നേപ്പാൾ- ചൈന അതിർത്തിയ്ക്ക് സമീപം കാഠ്മണ്ഡുവിനെയും കോദാരിയെയും ബന്ധിപ്പിച്ച് കൊണ്ടാണ് ഹൈവേ നിർമ്മാണം. 2015 ലായിരുന്നു ചൈനീസ് പ്രസിഡന്റ ഷി ജിൻപിംഗ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി സഹായം നൽകാമെന്ന് അറിയിച്ചത്. ഇത് പ്രകാരം ഹൈവേയുടെ നിർമ്മാണവും നേപ്പാൾ ആരംഭിച്ചു. സാമ്പത്തിക, സാങ്കേതി സഹായം നൽകാമെന്നായിരുന്നു ചൈന അറിയിച്ചിരുന്നത്. ചൈനയെയും ബന്ധിപ്പിക്കുന്ന 115 കിലോ മീറ്റർ ഹൈവേയ്ക്ക് 123 മില്യൺ ഡോളർ നൽകാമെന്നായിരുന്നു വാഗ്ദാനം.
1960 കളിൽ ചൈനീസ് സർക്കാർ അരനികോ ഹൈവേയുടെ ചെറിയൊരു ഭാഗം ചൈനീസ് സർക്കാർ നിർമ്മിച്ചിരുന്നു. എന്നാൽ 2015 ൽ ഉണ്ടായ ഭൂചലനത്തിൽ ഈ റോഡ് തകരുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു തുടർ നിർമ്മാണത്തിൽ തങ്ങളും പങ്കാളികളാകുന്നുവെന്ന് അറിയിച്ചത്.
ഇതിന് പിന്നാലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നേപ്പാൾ സർക്കാർ 3.6 ബില്യൺ ഡോളർ ബജറ്റിൽ അനുവദിച്ചു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത ചൈനീസ് സർക്കാർ നൽകിയിരുന്നില്ല. ഇതേ തുടർന്ന് നിരവധി തവണ സഹായം ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഇതോടെയാണ് ചൈനയുടെ സഹായം വേണ്ടെന്ന് നേപ്പാൾ അറിയിച്ചത്.
Discussion about this post