ബംഗളൂരു: അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവാലി പുഴയുടെ നടുവിൽ ദൗത്യസംഘം. മണ്ണിടിച്ചിലിൽ നദിയ്ക്ക് നടുവിലായി രൂപപ്പെട്ട മൺകൂനയിലാണ് ദൗത്യ സംഘം ഉള്ളത്. ഇന്നലെ നടത്തിയ ഐബോർഡ് ഡ്രോൺ പരിശോധനയിൽ ഇവിടെ നിന്നും സിഗ്നൽ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘം ഇവിടെയെത്തിയത്.
ട്രക്ക് ഇവിടെയുണ്ടെന്നാണ് ദൗത്യ സംഘത്തിന്റെ നിഗമനം. അതിനാൽ ഇവിടെ പുഴയിൽ ഇറങ്ങി പരിശോധിക്കാനാണ് നീക്കം. രാവിലെ നീരൊഴുക്ക് ശക്തമായതിനാൽ ദൗത്യ സംഘത്തിന് പുഴയിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഉച്ചയോടെ ഒഴുക്കിൽ നേരിയ കുറവ് ഉണ്ടായതിനെ തുടർന്നാണ് ദൗത്യസംഘം ഇവിടെയെത്തിയത്.
പുഴയിൽ ഇറങ്ങാനുള്ള ശ്രമമാണ് സംഘം നടത്തുന്നത്. നീരൊഴുക്ക് നോക്കി പുഴയിൽ ഇറങ്ങും. ഇതിനായുള്ള ശ്രമങ്ങളാണ് ദൗത്യസംഘം നടത്തുന്നത്. പ്രാദേശിക മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സംഘത്തിൽ ഉണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം പ്രത്യേക സംഘവും ഇവിടെയെത്തിയിട്ടുണ്ട്.
ജെമിനി ബോട്ടിലാണ് ദൗത്യ സംഘം മൺകൂനയിൽ എത്തിയത്. ഇവിടെ ഹാംഗർ സ്ഥാപിച്ചാണ് ബോട്ടുകൾ നിലയുറപ്പിച്ചിട്ടുള്ളത്. നാവിക സേനയുടെയും മറ്റും അനുമതി ലഭിച്ചാൽ ഡൈവർമാർ പുഴയിൽ ഇറങ്ങും.
ലോറികളെ കരയ്ക്ക് എത്തിക്കാനാണ് നിലവിലെ ശ്രമം. ഇതിന് മുൻപായി വാഹനത്തിൽ അർജുൻ ഉണ്ടോയെന്ന് പരിശോധിക്കും. ട്രക്കിന് മുകളിൽ മണ്ണ് മൂടി കിടക്കുകയാണെന്നാണ് വിവരം.
Discussion about this post